കൊച്ചി: മത്സ്യത്തൊഴിലാളികളുടെ സാക്ഷരത ഉയർത്താൻ സംസ്ഥാന സർക്കാർ ആരംഭിച്ച 'അക്ഷരസാഗരം' പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. ആദിവാസികൾ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിരക്ഷരരായ വിഭാഗമാണ് മത്സ്യത്തൊഴിലാളികൾ. ഫിഷറീസ് വകുപ്പിെൻറ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളാണ് ഉൾപ്പെടുന്നത്. രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി അതത് ജില്ലകളിലെ തീരദേശ പഞ്ചായത്തുകളുടെ പട്ടിക തയാറാക്കാൻ സംസ്ഥാന സാക്ഷരത മിഷൻ പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകി. ആദ്യഘട്ടം വിജയകരമായതിനാൽ 20 ലക്ഷമാണ് ഒാരോ ജില്ലക്കും അനുവദിക്കുന്നത്. അതിനാൽ കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവ കൂടി ഉൾപ്പെടുത്തും. ആദ്യ ഘട്ടത്തിൽ മൂന്ന് ജില്ലക്കും കൂടി 10 ലക്ഷമാണ് അനുവദിച്ചിരുന്നത്. തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിലെ തീരദേശ പഞ്ചായത്ത് വാര്‍ഡുകളിൽ സാക്ഷരത മിഷെൻറ സഹായത്തോടെ ഫിഷറീസ് വകുപ്പാണ് പദ്ധതി നടപ്പാക്കിയത്. സാക്ഷരത ക്ലാസ്, നാലാം ക്ലാസ് തുല്യത പരീക്ഷ എന്നിവയാണ് സംഘടിപ്പിച്ചത്. എഴുതുക, വായിക്കുക, കണക്ക് കൂട്ടുക എന്നതാണ് സാക്ഷരത ക്ലാസ്. ആദ്യ ഘട്ടത്തിൽ 3746 പേർ മൂന്ന് ജില്ലകളിലുമായി പരീക്ഷ എഴുതി. 25 പഠിതാക്കൾക്ക് ഒരു ഇൻസ്ട്രക്ടർ എന്നതാണ് കണക്ക്. നാലാം തരത്തിൽ 20 പഠിതാക്കൾക്ക് ഒരു ഇൻസ്ട്രക്ടറും. പഠിതാക്കളുടെ സൗകര്യം അനുസരിച്ച് കടൽ തീരം, തോണി, വീടുകൾ എന്നിവിടങ്ങളിലാണ് ക്ലാസ് നടത്തുന്നതെന്ന് പ്രോജക്ട് കോഒാഡിനേറ്റർ പ്രശാന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.