ശാസ്താംകോട്ട: ദലിത് കുടുംബത്തിൽ വ്യാജവാറ്റ് പിടിക്കാനെത്തി അതിക്രമം കാട്ടിയെന്നാരോപിച്ച് രണ്ടംഗ എക്സൈസ് സംഘത്തിന് നാട്ടുകാരായ യുവാക്കളുടെ മർദനം. പരിക്കേറ്റ സിവിൽ എക്‌സൈസ് ഓഫിസർമാരെയും പോരുവഴി അമ്പലത്തുംഭാഗം റേഡിയോമുക്ക് ശിവൻകുട്ടിയെയും ഭാര്യയെയും കുടുംബാംഗങ്ങളെയും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിവിൽ എക്സൈസ് ഓഫിസർമാരായ രാജേഷ്, ചാൾസ് എന്നിവർക്കാണ് മർദനമേറ്റത്. ഇവരിൽ രാജേഷിനെ നെഞ്ചുവേദനയെ തുടർന്ന് ജില്ല ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ എക്സൈസുകാർ ആക്രമിച്ചെന്നാണ് ശിവൻകുട്ടിയും കുടുംബവും നാട്ടുകാരും പറയുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഈ വീട്ടിൽ വ്യാജമദ്യം വിൽക്കുന്നുണ്ടെന്ന് വിവരം കിട്ടിയതായി പറഞ്ഞാണ് ഉദ്യോഗസ്ഥർ മഫ്തിയിലെത്തിയത്. ആരെന്ന് വെളിപ്പെടുത്താതെ ഇവർ പരിശോധനക്ക് കയറിയതോടെ സത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പരിഭ്രാന്തരായി നിലവിളിച്ചു. ഇതോടെ റേഡിയോമുക്കിൽ ഓണാഘോഷത്തിന് സംഘടിച്ച യുവാക്കൾ ഓടിയെത്തി മർദിക്കുകയായിരുന്നത്രെ. അകലെ ജീപ്പിൽ കാത്തുകിടന്ന യൂനിഫോമിട്ട എക്സൈസുകാർ എത്തിയാണ് ഇവരെ ആശുപത്രിയിൽ കൊണ്ടുപോയത്. അതെ സമയം വീട്ടിൽനിന്ന് ഒരു കുപ്പി വ്യാജമദ്യം പിടിച്ചെന്നും ഓടിക്കൂടിയ നാട്ടുകാർ അത് പിടിച്ചുവാങ്ങി നശിപ്പിച്ചതായും ശാസ്താംകോട്ട എക്സൈസ് സി.ഐ പറഞ്ഞു. സംഭവം സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.