ഇടപ്പള്ളി- മൂത്തകുന്നം ദേശീയപാത: കുടിയൊഴിപ്പിക്കലിനെതിരെ പ്രക്ഷോഭ പരമ്പര

കൊച്ചി: ദേശീയ മാനദണ്ഡം എന്ന പേരിൽ ദേശീയപാത 17 ലെ ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ ആയിരത്തിലധികം കുടുംബങ്ങളെ രണ്ടാമതും കുടിയൊഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സംയുക്ത സമരസമിതി. ആറുവരി പാത നിർമിക്കാൻ ആവശ്യമായ 30മീറ്റർ വീതിയിൽ ഭൂമി നേരേത്ത സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഇതുപയോഗിച്ച് റോഡ് വികസിപ്പിക്കുന്നതിന് പകരം ഒരു പ്രാവശ്യം കുടിയൊഴിഞ്ഞ് പിറകോട്ട് മാറി താമസിക്കുന്നവരെ വീണ്ടും കുടിയൊഴിപ്പിക്കാനുള്ള നീക്കം ജനദ്രോഹമാണെന്ന് യോഗം കുറ്റപ്പെടുത്തി. പാലിയേക്കര മാതൃകയിൽ പൊതുനിരത്ത് സ്വകാര്യവത്കരിച്ച് ഭീമമായ ടോൾ കൊള്ള അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് ഹൈവേ അതോറിറ്റിയുടേത്. ജനവിരുദ്ധ പദ്ധതിക്ക് വേണ്ടി ഒരിക്കൽ കുടിയിറക്കിയവരെ തന്നെ വീണ്ടും കുടിയൊഴിപ്പിച്ച് തെരുവാധാരമാക്കാൻ സംസ്ഥാന സർക്കാർ കൂട്ടു നിൽക്കരുത്. ഏറ്റെടുത്ത 30 മീറ്റർ ഉപയോഗിച്ച് അടിയന്തരമായി ആറുവരി പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് പദ്ധതി പ്രദേശത്ത് ജനകീയ പ്രക്ഷോഭ പരമ്പര സംഘടിപ്പിക്കാൻ സമരസമിതി തീരുമാനിച്ചു. ആദ്യ ഘട്ടം എന്ന നിലയിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലും പൊതുജന പിന്തുണയോടെ ജനജാഗ്രത സദസ്സ് സംഘടിപ്പിക്കും. സെപ്റ്റംബർ ഏഴിന് വൈകീട്ട് 4.30ന് ആദ്യ പരിപാടി ഇടപ്പള്ളിയിൽ നടക്കും. ഹാഷിം ചേന്നാമ്പിള്ളി അധ്യക്ഷത വഹിച്ചു. കെ.വി. സത്യൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. രാജൻ ആൻറണി, ജസ്റ്റിൻ ഇലഞ്ഞിക്കൽ, സി.വി. ബോസ്, ടോമി അറക്കൽ, ഷാജി മാസ്റ്റർ, കെ.കെ. തമ്പി, അഷ്റഫ്, കെ. പ്രവീൺ, വി.കെ. സുബൈർ, ജാഫർ മംഗലശ്ശേരി, കെ.എസ്. സക്കരിയ്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.