കളമശ്ശേരി: കിൻഫ്ര ഹൈടെക് പാർക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ കെമിക്കൽ കമ്പനിയിലുണ്ടായ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നഷ്ടം. തീ അണയ്ക്കുന്നതിനിടെ രണ്ട് ഫയർ യൂനിറ്റ് അംഗങ്ങൾക്ക് പരിക്കേറ്റു. തൃക്കാക്കര യൂനിറ്റിലെ ശരത്, മുേകഷ് എന്നിവർക്കാണ് പരിക്കേറ്റത്. പത്തനംതിട്ട റാന്നി സ്വദേശി തോമസിെൻറ ഉടമസ്ഥതയിലുള്ള കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. രാസവസ്തുക്കൾ മിശ്രിതമായതോ വൈദ്യുതി ഷോർട്ട് സർക്യൂട്ടോ ആയിരിക്കാം കാരണമെന്നാണ് വിലയിരുത്തൽ. ഞായറാഴ്ച രാവിലെ എട്ടിനാണ് അപകടം. ഒഴിവുദിനമായതിനാൽ പ്രദേശത്തുകാരനായ ഒരാൾക്ക് താൽക്കാലിക സെക്യൂരിറ്റി ചുമതല നൽകിയിരിക്കുകയായിരുന്നു. ഇയാൾ രാവിലെ കമ്പനിക്ക് സമീപം എത്തിയപ്പോൾ അകത്തുനിന്ന് തട്ടും മുട്ടും കേട്ടിരുന്നു. അൽപസമയത്തിനുശേഷം പുക ഉയരാൻ തുടങ്ങി. ഇതോടെ ഇയാൾ കിൻഫ്രയുടെ പ്രധാന കവാടത്തിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ വിവരം ധരിപ്പിക്കുകയും അദ്ദേഹം ഫയർഫോഴ്സിനെ അറിയിക്കുകയുമായിരുന്നു. ഏലൂരിൽനിന്ന് എത്തിയ ആദ്യസംഘം അഗ്നിശമന സേനാംഗങ്ങൾ സ്ഥിതി ഗുരുതരമായതിനാൽ ഗാന്ധിനഗർ, പട്ടിമറ്റം, ആലുവ, തൃക്കാക്കര എന്നിവിടങ്ങളിൽ വിവരം അറിയിച്ചതനുസരിച്ച് ആറ് ഫയർ യൂനിറ്റുകൾ പ്രവർത്തിപ്പിച്ചാണ് ഒന്നര മണിക്കൂർകൊണ്ട് തീ അണച്ചത്. ടയർ ഉൽപാദന യൂനിറ്റുകളിൽ അച്ചുകളിൽനിന്ന് ടയർ വേർെപടുത്താൻ ഉപയോഗിക്കുന്ന കെമിക്കൽ ശേഖരത്തിനാണ് തീപിടിച്ചത്. വിവരമറിഞ്ഞെത്തിയ കമ്പനി മാനേജരെ സുരക്ഷ പാളിച്ച ആരോപിച്ച് നാട്ടുകാർ തടഞ്ഞത് നേരിയ സംഘർഷത്തിന് വഴിവെച്ചു. ഉടൻ പൊലീസ് ഇടപെട്ട് മാനേജരെ രക്ഷപ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കമ്പനി പ്രവർത്തിപ്പിക്കുന്നതിൽ നിരവധി സുരക്ഷ പാളിച്ചകൾ കണ്ടെത്തിയതായാണ് ഫയർഫോഴ്സ് പറയുന്നത്. കളമശ്ശേരി പൊലീസ് കേസ് എടുത്തു. സ്പെഷൽ ബ്രാഞ്ച് അസി. പൊലീസ് കമീഷണർ ജി.ഡി. വിജയകുമാർ, കളമശ്ശേരി സി.ഐ എസ്. ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. ഗെയിലിെൻറ പ്രകൃതി വാതക വിതരണ കേന്ദ്രം കിൻഫ്രയുടെ മീറ്ററുകൾക്കടുത്താണ് പ്രവർത്തിക്കുന്നത്. കമ്പനിയിൽനിന്ന് പുകയും തീയും ഉയർന്നത് പൊട്ടിത്തെറിയുണ്ടാക്കുമോയെന്ന് നാട്ടുകാരിൽ പരിഭ്രാന്തി ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.