ആരോഗ്യവാന്മാരായ ഇതര സംസ്ഥാന ഭിക്ഷാടകർ കൈ നീട്ടുമ്പോൾ വെറുംകൈയോടെ മടക്കാൻ മലയാളിക്ക് കഴിയാറില്ല. പോക്കറ്റിൽ തപ്പിനോക്കി ഉള്ളത് കൊടുക്കും. മലയാളിയുടെ ഈ മനോഭാവത്തെ ചൂഷണം ചെയ്ത് വലിയ മാഫിയ ഇവിടെ വളർന്നുവന്നിട്ടുണ്ട്. ശ്രദ്ധ തിരിഞ്ഞാൽ അവർ നമ്മുടെ കുട്ടികളെ തട്ടിക്കൊണ്ട് പോകും. വീട്ടിൽ കയറി മോഷണം നടത്തും. എത്ര അനുഭവങ്ങൾ ഉണ്ടായാലും മലയാളി പഠിക്കില്ല. കഷ്ടപ്പെട്ടുണ്ടാക്കുന്ന ഓരോ ചില്ലിക്കാശും മനഃസമാധാനം നഷ്ടപ്പെടുത്തുന്ന ഒരു മാഫിയയെ തീറ്റിപ്പോറ്റാൻ ഉപകരിക്കുകയാണെന്ന ബോധ്യം ഓരോരുത്തർക്കും ഉണ്ടാകണം. രാത്രിയുടെ മറവിൽ മയക്കുമരുന്നും മറ്റ് അനാശാസ്യ പ്രവർത്തനങ്ങളും നടത്തുന്ന ഇവരെ ഇതിൽനിന്ന് പിന്തിരിപ്പിക്കുന്നതിന് അധികാരികൾ നടപടിയെടുക്കണം. കേരളത്തിൽ തരിശ് കിടക്കുന്ന കൃഷിഭൂമികളിൽ പണി നൽകി ആവശ്യമായ വിഭവങ്ങൾ ഉൽപാദിപ്പിക്കാനുള്ള പദ്ധതി തയാറാക്കണം. ബോധവത്കരണം നടത്തി മാന്യമായ ശമ്പളവും താമസവും മക്കൾക്കുള്ള വിദ്യാഭ്യാസവും നൽകി സംരക്ഷിക്കണം. ഈ നടപടികളിലൂടെ കേരളം താവളമാക്കുന്ന ഭിക്ഷാടന മാഫിയയുടെ രീതി ഇല്ലാതാക്കാൻ കഴിയും. - പി.കെ. ബദറുദ്ദീൻ, എസ്.ആർ.എം റോഡ്, കൊച്ചി വെള്ളക്കെട്ടിന് എന്ന് പരിഹാരമാകും എത്ര വർഷം പിന്നിട്ടാലും ഏതൊക്കെ ഭരണസമിതി വന്നാലും നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകില്ലെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഓരോ തവണ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുമ്പോഴും കാര്യമായ പ്രയോജനം ആളുകൾക്ക് കിട്ടുന്നില്ല. അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങൾ കൂടുതൽ പ്രശ്നങ്ങളിലേക്കാണ് നയിക്കുന്നത്. ചെറിയ മഴയിൽപോലും മേനകയും എം.ജി റോഡും ബാനർജി റോഡും അടക്കമുള്ള വ്യാപാര കേന്ദ്രങ്ങൾ വെള്ളത്തിലാകുന്നു. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ശാസ്ത്രീയമാകാത്തതാണ് കാരണം. വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം കൃത്യമാക്കിയിട്ടില്ല. ഓടകളിലെ വെള്ളം കായലിലേക്ക് എത്തിക്കാനുള്ള തരത്തിൽ കൃത്യമായ പ്രവർത്തനങ്ങൾ നടത്തണം. - രാമചന്ദ്രൻ, കൊച്ചി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.