സിഗ്‌നല്‍ ദിശ മാറ്റാന്‍ വിദഗ്ധരെത്തിയില്ല; കാക്കനാട്ടെ ഗതാഗത പരിഷ്‌കാരം നടപ്പായില്ല

കാക്കനാട്: സിവില്‍ സ്റ്റേഷന്‍ സിഗ്‌നല്‍ ജങ്ഷനിലെ വാഹനക്കുരുക്കഴിക്കാന്‍ ശനിയാഴ്ച മുതല്‍ ലക്ഷ്യമിട്ട ഗതാഗത പരിഷ്കാരം നടപ്പായില്ല. പരിഷ്‌കാരത്തിനനുസരിച്ച് സിഗ്‌നല്‍ ദിശകളില്‍ മാറ്റംവരുത്താന്‍ കഴിയാത്തതാണ് തടസ്സമായത്. കെല്‍ട്രോണിലെ സാങ്കേതിക വിദഗ്ധരെത്തി സിഗ്‌നലില്‍ മാറ്റം വരുത്തേണ്ടതുണ്ട്. പ്രതീക്ഷിച്ച സമയത്ത് സാങ്കേതികവിദഗ്ധരുടെ സഹായം ലഭിച്ചില്ല. റോഡിലെ ബാരിക്കേഡുകള്‍ മാറ്റാനും കഴിഞ്ഞില്ല. അടുത്ത ആഴ്ച വിദഗ്ധരെത്തി സിഗ്‌നല്‍ ശരിയാക്കുമെന്ന പ്രതീക്ഷയിലാണ് ട്രാഫിക് പൊലീസ്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ മൂന്നുവശത്തേക്ക് സിഗ്‌നല്‍ അനുസരിച്ച് വാഹനങ്ങള്‍ തിരിച്ചുവിടുന്നതായിരുന്നു പുതിയ പരിഷ്‌കാരം. ഇന്‍ഫോപാര്‍ക്ക് ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് സിഗ്‌നല്‍ ക്രോസ് ചെയ്ത് പോകാം. വാഴക്കാല ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് സിഗ്‌നല്‍ മുറിച്ചുകടക്കാതെ ഫ്രീ ലെഫ്റ്റായി തിരിഞ്ഞ് ജില്ല പഞ്ചായത്തിനുമുന്നിെല റോഡിലേക്ക് കയറി കാക്കനാട് ജങ്ഷനിലെത്തി ഇന്‍ഫോപാര്‍ക്ക് ഭാഗത്തേക്കും പള്ളിക്കര ഭാഗത്തേക്കും പോകാം. യു- ടേണ്‍ എടുക്കുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന് പ്രാധാന്യം നല്‍കുന്ന രീതിയാണ് നടപ്പാക്കുന്നത്. ഇതനുസരിച്ച് സിഗ്‌നല്‍ ദിശയില്‍ മാറ്റം വരുത്താനും തീരുമാനിച്ചിരുന്നു. കഴിഞ്ഞദിവസം കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഗതാഗതക്കുരുക്കഴിക്കാന്‍ പരിഷ്‌കാരം നടപ്പാക്കാന്‍ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.