എം.ജി റോഡിൽ പതിവില്ലാത്ത വെള്ളക്കെട്ട്​; ഒാട പുനർനിർമാണം വിനയായെന്ന്​ വ്യാപാരികൾ

കൊച്ചി: എം.ജി റോഡിലെ വെള്ളക്കെട്ടിന് കാരണം അശാസ്ത്രീയ കാനനിർമാണം. മെട്രോ ഉദ്ഘാടനത്തോടനുബന്ധിച്ച് മേഖലയിൽ നടത്തിയ നിർമാണ പ്രവർത്തനങ്ങളാണ് ഇതുവരെയുണ്ടാകാത്ത തരത്തിൽ വെള്ളക്കെട്ടിലേക്ക് കാര്യങ്ങളെത്തിച്ചത്. മഴയിൽ കൊച്ചി മുങ്ങുന്നത് പതിവാണെങ്കിലും ഏതാനും നാളുകളാ‍യി പ്രശ്നം കൂടുതൽ വഷളാണ്. വെള്ളിയാഴ്ച രാത്രി പെയ്ത മഴയിൽ വലിയ വെള്ളക്കെട്ടാണ് എം.ജി റോഡിലുണ്ടായത്. വെള്ളം ഒഴുകി കടകൾക്കുള്ളിലേക്ക് വരെയെത്തി. തുണിക്കടകളിലെ തുണികൾ നനയുകയും മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾ കേടാവുകയും ചെയ്തു. വൈകീട്ട് മഴ പെയ്തുതുടങ്ങിയാൽ കടയടച്ച് പോവുകയാണ് പതിവെന്ന് വ്യാപാരികൾ പറയുന്നു. റോഡിലെ വെള്ളം ഓടകളിലേക്ക് ഒഴുകാത്തതാണ് പ്രശ്നം രൂക്ഷമാകാൻ കാരണം. പുനർ നിർമാണ പ്രവർത്തനം നടന്നപ്പോൾ ഓടകൾക്ക് മുകളിൽ സ്ലാബ് ഇടുകയും ടൈൽസ് പാവുകയും ചെയ്തു. എന്നാൽ വെള്ളം ഓടയിലേക്ക് ഒഴുകാനുള്ള പഴുതുകൾ ചെറുതായാണ് നിർമിച്ചത്. വളരെ കുറഞ്ഞ തോതിൽ മാത്രമെ ഇതിലൂടെ വെള്ളം ഒഴുകൂ. റോഡിലെ മാലിന്യം ഒഴുകിയെത്തി പഴുതുകൾ അടയുന്നതോടെ വെള്ളം കെട്ടി നിൽക്കുകയും ചെയ്യും. പല സ്ഥലങ്ങളിലും നടപ്പാത ഉയരത്തിൽ കെട്ടിയതും വെള്ളക്കെട്ടി​െൻറ രൂക്ഷത വർധിപ്പിക്കുന്നു. ഓടകൾ വൃത്തിയാക്കാൻ സ്ലാബ് ഉയർത്തണമെങ്കിൽ ടൈൽസ് പൊട്ടിക്കണം. താൽക്കാലികമായി എടുത്തുമാറ്റാനുള്ള സംവിധാനം ഇല്ലാതാക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ കോർപറേഷൻ നടത്തണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.