കൊച്ചി: വെള്ളിയാഴ്ച സന്ധ്യയോടെ തുടങ്ങിയ മഴയിൽ കൊച്ചി നഗരം മുങ്ങി. അശാസ്ത്രീയ നടപ്പാത നിർമാണത്തിനൊപ്പം കാനകളുടെ അറ്റകുറ്റപ്പണിയും നടക്കാതായതോടെ പല റോഡുകളിലും വെള്ളക്കെട്ടായി. മഴയത്ത് കൂടുതൽ വാഹനങ്ങൾ നിരത്തിലെത്തിയപ്പോൾ ഗതാഗതക്കരുക്കും രൂക്ഷമായി. മെട്രോ നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ കാൽനടക്കാർക്കായുള്ള സ്ലാബ് ഉയർത്തികെട്ടിയതിനാൽ വെള്ളം റോഡിൽ നിറഞ്ഞു. വെള്ളം ഒഴുകിപ്പോകാൻ ഒരുക്കിയിരുന്ന ചെറിയ ദ്വാരങ്ങൾ കോൺക്രീറ്റ് അവശിഷ്ടങ്ങളും ചപ്പുചവറും നിറഞ്ഞ് അടഞ്ഞതോടെ എം.ജി റോഡ് അക്ഷരാർഥത്തിൽ തോടായി. പലയിടത്തും കാന കവിഞ്ഞൊഴുകിയതും ദുരിതമായി. ശുചീകരണം കാര്യമായി നടക്കാഞ്ഞതിനാൽ കാനയിൽ തങ്ങിനിന്ന അവശിഷ്ടങ്ങളും മാലിന്യങ്ങളുമൊക്കെ റോഡിലൊഴുകി. സൗത്ത് റെയിൽവേ സ്റ്റേഷൻ, എസ്.ആർ.വി റോഡുകളിൽ അഴുക്കും കടുത്ത ദുർഗന്ധവുള്ള വെള്ളം നിറഞ്ഞതോടെ കാൽനട പോലും അസാധ്യമായി. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പതിവുപോലെ വെള്ളത്തിലായപ്പോൾ യാത്രക്കാർ ഇരിപ്പിടങ്ങൾ ഉപേക്ഷിച്ച് പെരുമഴയത്ത് കുടചൂടി നിൽക്കേണ്ടിവന്നു. വാഹനങ്ങൾ നിറഞ്ഞതിനൊപ്പം സിഗ്നലുകൾകൂടി തകരാറിലായതോടെ പലയിടത്തും ഗതാഗതവും സ്തംഭിച്ചു. വെള്ളം മൂടിയ കുഴികളിൽ ഇരുചക്രവാഹനങ്ങൾ അപടത്തിൽപ്പെടുകയും ചെയ്തു. എം.ജി റോഡ്, പാലാരിവട്ടം, ബാനർജി റോഡ്, കലൂർ സ്റ്റേഡിയം റോഡ്, തമ്മനം, പുല്ലേപ്പടി, എളംകുളം എന്നീ റോഡുകളാണ് വെള്ളത്തിൽ മുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.