​സന നീ ഇനി വരില്ല, എങ്കിലും വെളിച്ചമാണ്​ ആ വാക്കുകൾ

കൊച്ചി: പുറത്തെ കത്തുന്ന വെയിലിൽനിന്ന് എ.പി 10 എ.എം 7816 ബുള്ളറ്റ് ഒാടിച്ച് കാമ്പസ് മുറ്റത്തേക്ക് ശാന്തയായി കടന്നുവന്ന സന ഇഖ്ബാലിനെ അവർക്ക് ഇപ്പോഴും ഒാർമയുണ്ട്. പിന്നെ ഉൗർജപ്രവാഹം പോലെ സെമിനാർ ഹാളിൽ മുഴങ്ങിയ ആ വാക്കുകളും. വീണ്ടും വരാമെന്ന് പറഞ്ഞുപോയ സനക്കുവേണ്ടി ഇനി കാത്തിരിക്കേണ്ടെന്ന തിരിച്ചറിവ് അവരെ വേദനിപ്പിക്കുന്നു. സന അന്ന് പകർന്നുനൽകിയ ആത്മവിശ്വാസവും ആത്മധൈര്യവും അത്ര വലുതായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഹൈദരാബാദിൽ കാറപകടത്തിൽ മരിച്ച പ്രശസ്ത വനിത ബുള്ളറ്റ് റൈഡർ സന ഇഖ്ബാലി​െൻറ സന്ദർശനം കളമശ്ശേരി എസ്.സി.എം.എസ് കാമ്പസിന് മറക്കാനാവില്ല. ആത്മഹത്യക്കും വിഷാദത്തിനും എതിരായ ബോധവത്കരണവുമായി രാജ്യത്തുടനീളം ബുള്ളറ്റില്‍ 38,000 കിലോമീറ്ററോളം സഞ്ചരിച്ച സനയുടെ വാക്കുകളോളം തങ്ങളെ പ്രചോദിപ്പിച്ച മറ്റൊന്നുമില്ലെന്ന് വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു. ഹൈദരാബാദ് സ്വദേശിയായ സന 2016 മാർച്ച് 15നാണ് ത​െൻറ ബുള്ളറ്റിൽ കളമശ്ശേരിയിലെ കാമ്പസിൽ വിദ്യാർഥികളുമായി സംവദിക്കാനെത്തിയത്. രാവിലെ മുതൽ കുട്ടികൾ ക്ലാസ്മുറിക്ക് പുറത്ത് കാത്തുനിന്നു. വിചാരിച്ചിടത്ത് എത്തിപ്പെടാൻ കഴിയാത്തതിലുള്ള നിരാശയും ഉത്കണ്ഠയും വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നതിനെക്കുറിച്ചാണ് സംവാദത്തിൽ സന പറഞ്ഞതത്രയും. 'ഒരു പെൺകുട്ടി വിചാരിച്ചാൽ എന്തെല്ലാം കഴിയുമെന്ന് തെളിയിക്കാൻകൂടിയാണ് എ​െൻറ ബുള്ളറ്റ് യാത്ര. നിങ്ങൾ ഒരിക്കലും ആശയക്കുഴപ്പങ്ങളിൽ അകപ്പെടരുത്. അത് ആത്മവിശ്വാസത്തെ ദുർബലമാക്കും. ഏത് പ്രശ്നത്തിനും നിങ്ങളിൽതന്നെ പരിഹാരമുണ്ടെന്ന് ഒാർക്കുക. എന്നെപ്പോലെ സാഹസിക സംരംഭങ്ങളിൽ ഏർപ്പെടുന്നത് ആത്മധൈര്യം വർധിപ്പിക്കും. ദീർഘവീക്ഷണവും ആരോഗ്യവും തേൻറടവുമുണ്ടെങ്കിൽ നിങ്ങൾക്ക് ബുള്ളറ്റിൽ ഹിമാലയം വരെ സഞ്ചരിക്കാം'- സന പറഞ്ഞുനിർത്തുേമ്പാൾ മുന്നിലിരുന്ന മുന്നൂറിലധികം വിദ്യാർഥികൾ നിർത്താതെ കൈയടിച്ചു. എല്ലാവരോടും സൗഹൃദം പങ്കിട്ട് ഉച്ചഭക്ഷണവും കഴിച്ചാണ് സന മടങ്ങിയതെന്ന് പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്ന സനൽ പോറ്റി ഒാർക്കുന്നു. പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് സനയെ അനുസ്മരിക്കാനൊരുങ്ങുകയാണ് എസ്.സി.എം.എസ്. ചിത്രം: ekg sana1 സന ഇഖ്ബാൽ എസ്.സി.എം.എസിൽ വിദ്യാർഥികളുമായി സംവദിക്കുന്നു ekg sana2 സന ഇഖ്ബാൽ ബുള്ളറ്റിനൊപ്പം എസ്.എം.എസ് കാമ്പസിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.