പട്ടികവിഭാഗങ്ങളുടെ പരാതിയില്‍ പൊലീസ് ഇടപെടല്‍ കാര്യക്ഷമമല്ല ^കമീഷന്‍

പട്ടികവിഭാഗങ്ങളുടെ പരാതിയില്‍ പൊലീസ് ഇടപെടല്‍ കാര്യക്ഷമമല്ല -കമീഷന്‍ കൊച്ചി: പരാതി നല്‍കുന്നത് പട്ടികവിഭാഗക്കാരനാണെങ്കില്‍ പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണെന്ന് പട്ടിക ജാതി-ഗോത്രവർഗ കമീഷന്‍ ചെയര്‍മാന്‍ റിട്ട. ജഡ്ജി പി.എന്‍. വിജയകുമാര്‍. പട്ടിക ജാതി-വർഗ വിഭാഗങ്ങളുടെ പരാതികളില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന നിരവധി പരാതി എറണാകുളം ടൗണ്‍ഹാളില്‍ നടന്ന അദാലത്തിൽ എത്തിയ സാഹചര്യത്തിലാണ് ചെയർമാ​െൻറ പരാമർശം. പട്ടികവിഭാഗക്കാരുടെ ദുരൂഹമരണങ്ങള്‍, വീട് വെക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലേക്ക് വഴിയില്ല, പൊതുമേഖല സ്ഥാപനങ്ങളില്‍ പട്ടികവിഭാഗക്കാരുടെ സ്ഥാനക്കയറ്റം വൈകിപ്പിക്കുന്നു തുടങ്ങിയ പരാതികളാണ് കമീഷന് മുന്നിൽ കൂടുതലായി എത്തിയത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന അദാലത്തില്‍ ആദ്യ ദിവസം 135 പരാതിയാണ് പരിഗണിച്ചത്. 127 എണ്ണം തീര്‍പ്പാക്കി. അംഗങ്ങളായ എഴുകോണ്‍ നാരായണന്‍, കെ.കെ. മനോജ്, രജിസ്ട്രാര്‍ ഒ.എം. മോഹനന്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി. വെള്ളിയാഴ്ച 125 പരാതി പരിഗണിക്കും. 'ഷാജിയുടെ ദുരൂഹ മരണം പ്രത്യേകസംഘം അന്വേഷിക്കണം' കൊച്ചി: തൃക്കാക്കര വടകോട് ഷാജിയുടെ (31) ദുരൂഹ മരണം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് കമീഷ​െൻറ നിർദേശം. 2013 ആഗസ്റ്റ് 19നാണ് ഷാജിയെ എൻ.പി.ഒ.എൽ ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് മരിച്ചനിലയിൽ കണ്ടത്. അന്വേഷണം നടക്കുന്നില്ലെന്ന മാതാപിതാക്കളുടെ പരാതിയിലാണ് കമീഷ​െൻറ ഇടപെടൽ. ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ ചെയർമാൻ റിട്ട. ജഡ്ജി പി.എന്‍. വിജയകുമാര്‍ സിറ്റി പൊലീസ് കമീഷണറോട് നിര്‍ദേശിച്ചു. തലയില്‍ ആഴത്തിൽ മുറിവുണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മുണ്ട് മടക്കി കുത്താറില്ലായിരുന്ന ഷാജിയുടെ മുണ്ട് മടക്കി ചുറ്റിക്കെട്ടിയ നിലയിലായിരുന്നു. പോക്കറ്റില്‍നിന്ന് ബില്ലോ മൊബൈലോ പുറത്തുപോയിരുന്നില്ല. മറ്റു നിരവധി സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയത്. എന്നാല്‍, നാലുവര്‍ഷമായിട്ടും പൊലീസ് ഫലപ്രദമായി ഇടപെടുന്നില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.