പുതിയ തന്ത്രങ്ങളുമായി ഒാൺലൈൻ തട്ടിപ്പ്​ റാക്കറ്റ്​

കൊച്ചി: ബാങ്ക് വിവരങ്ങളും വൺ ടൈം പാസ്വേഡും (ഒ.ടി.പി) കൈക്കലാക്കി അക്കൗണ്ടുകളിൽനിന്ന് പണം ചോർത്തുന്ന സംഘങ്ങൾ തട്ടിപ്പിന് പുതിയ തന്ത്രങ്ങളുമായി രംഗത്ത്. ഫേസ് ബുക്ക് അക്കൗണ്ട്, ആധാർ കാർഡ് എന്നിവയുടെ മറവിലാണ് പുതിയ തട്ടിപ്പുകൾ. നിരവധി പേർ ഇങ്ങനെ തട്ടിപ്പിന് ഇരയായെങ്കിലും പലരും പരാതി നൽകിയിട്ടില്ല. ഒ.ടി.പി, എ.ടി.എം തട്ടിപ്പുകളിലൂടെ ലക്ഷങ്ങൾ കേരളത്തിൽനിന്ന് തട്ടിയെടുത്ത റാക്കറ്റിലെ കണ്ണികളാണ് പുതിയ തട്ടിപ്പുകൾക്ക് പിന്നിലുമെന്ന് സംശയിക്കുന്നു. ഇതരസംസ്ഥാനങ്ങൾ കേന്ദ്രമാക്കിയാണ് മുഖ്യമായും ഇവരുടെ പ്രവർത്തനം. നടൻ ജയസൂര്യയുടെ ഭാര്യ സരിത, ജീവനക്കാരൻ എന്നിവരിൽനിന്നാണ് ഒടുവിൽ പണം തട്ടാൻ ശ്രമം നടന്നത്. ഫേസ്ബുക്കിലൂടെ ജയസൂര്യയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചൊവ്വാഴ്ച സരിതയുടെ വസ്ത്രവ്യാപാരശാലയിലേക്കാണ് 8918419048 എന്ന നമ്പറിൽനിന്ന് വിളി വന്നത്. ഫേസ്ബുക്കി​െൻറ സൈബർ സെല്ലിൽനിന്നാണെന്ന് പരിചയപ്പെടുത്തിയ ആൾ നിങ്ങൾ ഫേസ്ബുക്കിന് 25,000 രൂപ നൽകാനുണ്ടെന്നും അത് പേ ടി.എം വഴി അടക്കണമെന്നും ആവശ്യപ്പെട്ടു. ഫോൺ കട്ട് ചെയ്തപ്പോൾ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തെന്നും പണം തന്നില്ലെങ്കിൽ ഉപയോഗിക്കാനാകില്ലെന്നും സന്ദേശമയച്ചു. ജയസൂര്യയുടെ സുഹൃത്ത് വഴിയാണ് പേജ് വീണ്ടെടുത്തത്. ഫോൺ നമ്പറിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ കൊൽക്കത്തയിൽനിന്നാണെന്നാണ് അറിഞ്ഞത്. ബുധനാഴ്ച രാവിലെയാണ് ജയസൂര്യയുടെ ജീവനക്കാരനിൽനിന്ന് പണം തട്ടാൻ ശ്രമം നടന്നത്. മറ്റൊരു നമ്പറിൽനിന്നാണ് വിളി വന്നത്. പാൻ കാർഡും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും അതിനാൽ പാൻ, ആധാർ, അക്കൗണ്ട് വിവരങ്ങൾ നൽകണമെന്നുമായിരുന്നു ആവശ്യം. സംശയം തോന്നിയതിനാൽ ഫോൺ കട്ട് ചെയ്തു. സമാനരീതിയിൽ പണം തട്ടാൻ ശ്രമിച്ചതായി ഫേസ്ബുക്ക് പോസ്റ്റ് കണ്ട നിരവധി പേർ അറിയിച്ചെന്ന് ജയസൂര്യ 'മാധ്യമ'ത്തോട് പറഞ്ഞു. ആർക്കും പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. വിവിധ രേഖകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിർദേശം മറയാക്കിയാണ് തട്ടിപ്പുകാർ ശൈലി മാറ്റിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.