ഓൺലൈൻ തട്ടിപ്പ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ഇന്ന് സാധനങ്ങൾ വാങ്ങിക്കുമ്പോൾ െക്രഡിറ്റ് /ഡെബിറ്റ് കാർഡ് ഉപയോഗിച്ചാണ് എല്ലാവരും തന്നെ ബില്ലുകൾ അടക്കുന്നത്. പക്ഷേ, അവിടെയും വേണം സ്വയം സുരക്ഷ. നമ്മുടെ മുന്നിൽ നിന്നുമാത്രം കാർഡ് സ്വൈപ് ചെയ്യാൻ അനുവദിക്കുക. പിൻ നമ്പർ ഒരിക്കലും പറഞ്ഞുകൊടുക്കാതിരിക്കുക. ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചതിന് ശേഷവും കാർഡ് വെയിറ്ററുടെ കൈയിൽ കൊടുത്തുവിടാതെ സ്വയം ബില്ലടക്കുക. ഉപഭോക്താവിന് സമീപത്തേക്ക് കൊണ്ടുവരത്തക്ക വിധത്തിൽ വയർലെസ് സംവിധാനമാണ് കാർഡ് ഉപയോഗിച്ചുള്ള പേമെൻറിനുള്ളത്. ക്രെഡിറ്റ് കാർഡ് നമ്പർ, അല്ലെങ്കിൽ മറ്റു വിവരങ്ങൾ തുടങ്ങിയവ ഫോൺ വഴി നൽകുന്നത് വളരെയധികം ശ്രദ്ധിച്ചായിരിക്കണം. ബാങ്കുകളോ മറ്റു ധനകാര്യ സ്‌ഥാപനങ്ങളോ ഇത്തരത്തിൽ ഫോണിൽ വിവരങ്ങൾ ആവശ്യപ്പെടുകയില്ല. ലൈസൻസുള്ള ആൻറിവൈറസ് ഉപയോഗിക്കുക നിങ്ങളുടെ കമ്പ്യൂട്ടറിൽ ലൈസൻസ് ഉള്ള ആൻറി വൈറസ് സോഫ്റ്റ്െവയർ ഉപയോഗിക്കുക. മാത്രവുമല്ല, ഈ ആൻറി വൈറസ് സോഫ്റ്റ്െവയർ കാലോചിതമായി അപ്ഡേറ്റ് ചെയ്യുകയും വേണം. ഇതുവഴി രഹസ്യമായി സൂക്ഷിക്കേണ്ട എല്ലാ വിവരങ്ങളും അത്തരത്തിൽ സംരക്ഷിക്കപ്പെടാൻ സഹായിക്കുന്നു. രാജ്യാന്തര തട്ടിപ്പ് മാതൃകകൾ ഫിഷിങ്: ബാങ്കുകൾ ലോകമെങ്ങും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഫിഷിങ്. നിങ്ങളുടെ ബാങ്കിങ് വിശദാംശങ്ങൾ തട്ടിയെടുക്കുന്നതിനുള്ള ശ്രമത്തെയാണ് ഫിഷിങ് എന്ന് വിളിക്കുന്നത്. ബാങ്കിൽനിന്നോ മറ്റ് അറിയപ്പെടുന്ന സ്‌ഥാപനങ്ങളിൽനിന്നോ എന്ന വ്യാജേനയുള്ള ഇ-മെയിലുകളാണ് ഫിഷിങ്. ഓർമിക്കുക, ലോഗിൻ, ട്രാൻസാക്ഷൻ പാസ്വേഡുകൾ വൺ ടൈം പാസ്വേഡ് (ഒ.ടി.പി), യൂണിക് റെഫറൻസ് നമ്പർ തുടങ്ങിയവ രഹസ്യ വിവരങ്ങൾ ബാങ്കുകൾ ഇടപാടുകാരിൽനിന്ന് ഒരിക്കലും ഇത്തരം ഇ-മെയിലുകൾ വഴി തേടുകയില്ല. വിഷിങ്: ഫിഷിങ് പോലെ തന്നെയുള്ള ഒരു തട്ടിപ്പ് പരിപാടിയാണ് വിഷിങ്ങും. വ്യത്യാസം സാങ്കേതിക വിദ്യയിൽ മാത്രമേയുള്ളു. ഫിഷിങ്ങിൽ ഇ-മെയിലാണ് ഇടപാടുകാരനെ വീഴിക്കുവാൻ ഉപയോഗിക്കുന്നതെങ്കിൽ വിഷിങ്ങിൽ ടെലിഫോൺ സർവിസുകൾ, ടെലിഫോൺ സംഭാഷണം തുടങ്ങിയവ ഉപയോഗിക്കുന്നു. ബാങ്കിലെയോ സ്‌ഥാപനത്തിലെയോ ജോലിക്കാരൻ എന്ന നിലയിൽ ഇടപാടുകാരനെ വിളിച്ച് വ്യക്തിഗത വിവരങ്ങൾ അന്വേഷിക്കുകയാണ് വിഷിങ് തട്ടിപ്പിെൻറ രീതി. ഇത്തരത്തിൽ വിളി വന്നാൽ അതിന് മറുപടി കൊടുക്കാതെ വിവരം ബാങ്കിനെ അറിയിക്കുക. സ്കിമ്മിങ്: ഇടപാടുകാരൻ എ.ടി.എമ്മിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ അതിെൻറ വിവരങ്ങളും പിൻ നമ്പറും ചോർത്താൻ മെഷീനോ കാമറയോ സ്‌ഥാപിക്കുന്നതാണ് സ്കിമ്മിങ്. ഇത്തരം വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പുകാരൻ അക്കൗണ്ടിൽനിന്നും പണം പിൻവലിക്കുന്നു. ഈ അടുത്തകാലത്ത് തിരുവനന്തപുരത്തും മറ്റും നടന്ന സംഭവങ്ങൾ ആരും മറന്നിട്ടുണ്ടാവില്ല. ക്ലോണിങ്: ഓൺലൈനിലും ഓഫ് ലൈനിലും ക്ലോണിങ്ങും സംഭവിക്കാറുണ്ട്. എ.ടി.എമ്മിലോ പി.ഒ.എസ് മെഷീനിലോ കാർഡ് ക്ലോണിങ് ഉപകരണം സ്‌ഥാപിച്ച്, കാർഡ് സ്വൈപ് ചെയ്യുമ്പോൾ വിവരം ശേഖരിക്കുന്നു. ഇങ്ങനെ ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് ഭാവിയിൽ ഓൺലൈൻ ഇടപാടുകൾ നടത്തുന്നു. മാൽവേർ: കമ്പ്യൂട്ടറിെൻറ പ്രവർത്തനത്തെ ബാധിക്കുന്ന സോഫ്റ്റ്വെയറുകൾ ഉടമസ്‌ഥൻ അറിയാതെ കമ്പ്യൂട്ടറുകളിൽ നിക്ഷേപിക്കുന്ന ചില വെബ്സൈറ്റുകൾ, അല്ലെങ്കിൽ ചില ഫയലുകൾ, വിഡിയോ തുടങ്ങിയ ഡൗൺലോഡ് ചെയ്യുമ്പോഴാണ് ഇത്തരം മാൽവേറുകൾ കമ്പ്യൂട്ടറിലെത്തുന്നത്. ഡിജിറ്റൽ തട്ടിപ്പുകൾക്കുള്ള മറ്റു ചില ചാനലുകളാണ് കൃത്രിമ ആപ്പുകൾ, സിം കാർഡ് ൈസ്വപ്പിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ ദുരുപയോഗം, മൊബൈൽ ആപ്ലിക്കേഷൻ ഹാക്കിങ് തുടങ്ങിയവ. മൊബൈൽ നമ്പറും ഒ.ടി.പിയും ഇൻറർനെറ്റ് ബാങ്കിങ് ഇന്ന് സാധാരണമായൊരു പ്രക്രിയയായി മാറിയിരിക്കുകയാണ്. നെറ്റ് ബാങ്കിങ് വഴി പണമിടപാടുകൾ നടത്തുമ്പോൾ അതീവ സുരക്ഷ അത് നൽകുന്നുണ്ട്. യൂസർ നെയിമും പാസ്വേഡും നൽകി വേണം അതിലേക്ക് കയറാൻ. പിന്നെ ബാങ്കിെൻറ യൂസർ നെയിമും പാസ് വേഡും ചോദിക്കും ഇത് ബാങ്ക് നൽകുന്ന സുരക്ഷയാണ്. ഇതിനൊക്കെ പുറമെ വൺ ടൈം പാസ് വേഡുമുണ്ട് (ഒ.ടി.പി). ഇത് ഉപഭോക്താവിനായി മാത്രം ബാങ്ക് അയച്ചുതരുന്നതാണ്. കൂടാതെ ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്കാണ് ഈ ഒ.ടി.പി അയക്കുന്നത്. അക്കൗണ്ട് എടുത്തിട്ട് കുറെയധികം വർഷമായി അതിനോടകം തന്നെ മൊബൈൽ ഫോൺ നമ്പറുകൾ മാറ്റി. പക്ഷേ, ബാങ്കിലെ മൊബൈൽ നമ്പർ മാറ്റിയില്ല എന്നിരിക്കട്ടെ. അവിടെ തീർന്നു എല്ലാം. നമ്മുടെ ഒ.ടി.പി ചെല്ലുന്നത് മറ്റാരുടെെയങ്കിലും മൊബൈലിലേക്കായിരിക്കും. അതിനാൽ മൊബൈൽ നമ്പർ മാറ്റി ലോകത്തിെൻറ ഏത് കോണിലേക്ക് പോയാലും ധനകാര്യ ഇടപാടുകളുമായി ബന്ധപ്പെട്ട മൊബൈൽ നമ്പറുകളും മാറ്റുക എന്നത് ഒരിക്കലും മറക്കാതിരിക്കുക. കാരണം നമ്മുടെ മ്യൂച്ചൽ ഫണ്ട്, ഇൻകം ടാക്സ് എന്ന് തുടങ്ങി എല്ലായിടത്തും മൊബൈൽ നമ്പർ അത്യാവശ്യമാണ്. അതിനാൽ ഇക്കാര്യം പ്രത്യേകം ഓർക്കുക. ആപ്പുകൾ ആപ്പാകരുത് ഓരോ ബാങ്കുകൾക്കും അവരവരുടേതായ ആപ്ലിക്കേഷനുകളുണ്ട്. കൂടാതെ ചില്ലർ, പേ ടിഎം തുടങ്ങിയ ഓൺ ലൈൻ സേവനങ്ങൾ നൽകുന്ന ആപ്പുകളുമുണ്ട്. ഇവ ഒരിക്കലും നമുക്ക് ആപ്പാകാതെ സൂക്ഷിക്കണം. ഇത്തരം ആപ്പുകൾ സേവനം നൽകുന്നത് നമ്മുടെ കാർഡ് ഉപയോഗിച്ചാണ്. കാർഡ് നമ്പർ, സി.വി.വി നമ്പർ എന്നിവയൊക്കെ ഇവയുടെ സേവനത്തിനായി നൽകണം. നൽകാം പക്ഷേ, ഇവ ഒരിക്കലും സേവ് ചെയ്തിടരുത്. മറ്റുള്ളവർക്ക് മെസേജ് വഴി കൈമാറുകയും ചെയ്യരുത്. ഫോണിലോ ഇ-മെയിലിലോ ഒരു ബാങ്ക് ഒരിക്കലും നിങ്ങളോട് വിവരങ്ങൾ തേടുകയില്ല. ഇത്തരത്തിൽ ഫോൺ കോളോ ഇ-മെയിലോ ലഭിച്ചാൽ നിങ്ങൾ വിവരങ്ങൾ നൽകരുത്. മാത്രവുമല്ല ഈ വിവരം ഉടനേ ബാങ്കിനെ അറിയിക്കുകയും ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.