സോളാർ റിപ്പോർട്ട് എൽ.ഡി.എഫിന് രാഷ്ട്രീയമായി ദോഷകരമാവും കോഴിക്കോട്: ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ഇടതുപക്ഷത്തിന് ആത്മാർഥതയില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യു.ഡി.എഫ് സംഘടിപ്പിക്കുന്ന 'പടയൊരുക്കം' ജാഥയുടെ ഭാഗമായി കോഴിക്കോട് ജില്ല കമ്മിറ്റി നടത്തിയ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ആണ് മുഖ്യശത്രു എന്ന് പ്രഖ്യാപിച്ചാണ് ഇടതുപക്ഷം മുന്നോട്ടുപോകുന്നത്. ഇത് ഫലത്തിൽ ശക്തിപ്പെടുത്തുന്നത് ബി.ജെ.പിയെ ആണ്. കേരളത്തിൽ വികസനം നടന്നത് യു.ഡി.എഫ് ഭരണകാലത്താണെന്നും അദ്ദേഹം പറഞ്ഞു. സോളാർ കേസ് വിശ്വാസ്യതയില്ലാത്ത മൊഴിയുടെ അടിസ്ഥാനത്തിലുള്ളതാണ്. അതിനാൽ തന്നെ നിയമപരമായി നേരിടാൻ ഒരു ബുദ്ധിമുട്ടുമില്ല. ഒാരോ ഘട്ടത്തിലും ഒാരോ മൊഴിയാണ് നൽകിയത്. വേണ്ടത്ര അവധാനതയോടെയല്ല സോളാർ റിപ്പോർട്ട് കൈകാര്യം ചെയ്തത്. അതുകൊണ്ടാണ് സർക്കാർ രണ്ടാമതും നിയമോപദേശം തേടേണ്ടി വന്നത്. യു.ഡി.എഫ് ഇൗ സാഹചര്യം രാഷ്ട്രീയമായും നിയമപരമായും നേരിടും. രാഷ്ട്രീയമായി എൽ.ഡി.എഫിന് സോളാർ റിപ്പോർട്ട് ദോഷകരമാവുമെന്നും അദ്ദേഹം പറഞ്ഞു. പി. ശങ്കരൻ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി, എം.കെ. മുനീർ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, ഉമ്മർ പാണ്ടികശാല, ഇ.എം. ജയപ്രകാശ്, മുനീർ എരവത്ത്, മനോജ് ശങ്കരനെല്ലൂർ, സി. മോയിൻകുട്ടി എന്നിവർ സംസാരിച്ചു. വി. കുഞ്ഞാലി സ്വാഗതവും നാരായണൻകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.