ഇ.എസ്.ഐ വിഹിതവും മാനേജ്മെൻറുകൾ അടക്കുന്നില്ല വിജയൻ തിരൂർ മലപ്പുറം: സംസ്ഥാനത്ത് പൊതുമേഖലയിലും സഹകരണ മേഖലയിലുമുള്ള സ്പിന്നിങ് മില്ലുകളിൽ തൊഴിലാളികളുടെ ഇ.പി.എഫ്, ഇ.എസ്.ഐ ഇനത്തിൽ കോടികളുടെ കുടിശ്ശിക. അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 300 കോടി രൂപയുടെ സർക്കാർ സഹായം ലഭിച്ചിട്ടും സാമ്പത്തികപ്രതിസന്ധി ചൂണ്ടിക്കാണിച്ചാണ് മാനേജിങ് ഡയറക്ടർമാർ പി.എഫും, ഇ.എസ്.ഐയും അടക്കാതെ തൊഴിലാളികളെ വഞ്ചിക്കുന്നത്. തൊഴിലാളിവിഹിതം പോലുമടക്കാതെ ചില സ്ഥാപനമേധാവികൾ ഫണ്ട് വകമാറ്റുന്നതായും തൊഴിലാളികൾ ആരോപിക്കുന്നു. ജീവനക്കാർ പി.എഫ് ഫണ്ടിൽനിന്ന് വായ്പ എടുക്കാൻ തുനിയുമ്പോഴാണ് കുടിശ്ശിക വരുത്തിയ കാര്യം അറിയുന്നത്. വിവിധ മില്ലുകളിലെ കുടിശിക ഇപ്രകാരം: കണ്ണൂർ സഹകരണ സ്പിന്നിങ് മിൽ ഇ.പി.എഫ്-30 ലക്ഷം രൂപ, ഇ.എസ്.ഐ- 14 ലക്ഷം. 2017 മേയ് മുതൽ അടക്കുന്നുമില്ല. മലപ്പുറം സഹകരണ സ്പിന്നിങ് മിൽ: പി.എഫ്-222.38 ലക്ഷം. 2015 ഒക്ടോബർ മുതൽ മാനേജ്മെൻറ് വിഹിതവും 2016 നവംബർ മുതൽ തൊഴിലാളി വിഹിതവും മുടക്കി. ഇ.എസ്.ഐ-6.34 ലക്ഷം രൂപ. 2017 മേയ് മുതൽ അടവ് നിന്നു. കുറ്റിപ്പുറം മാൽകോടെക്സ്: പി.എഫ്-അഞ്ചുലക്ഷം. 2017 സെപ്റ്റംബർ മുതൽ അടക്കുന്നില്ല. തൃശൂർ വാഴാനി സഹകരണ സ്പിന്നിങ് മിൽ: പി.എഫ്-209 ലക്ഷം. 2013 നവംബർ മുതൽ മാനേജ്മെൻറ് വിഹിതവും 2015 നവംബർ മുതൽ തൊഴിലാളി വിഹിതവും അടക്കുന്നില്ല. ഇ.എസ്.ഐ-14 ലക്ഷം. 2017 മേയ് മുതൽ അടവ് നിന്നു. കോട്ടയം പ്രിയദർശിനി സഹകരണ സ്പിന്നിങ് മിൽ പി.എഫ്-46 ലക്ഷം രൂപ. 2017 ഏപ്രിൽ മുതൽ അടവ് നിന്നു. കൊല്ലം സഹകരണ സ്പിന്നിങ് മിൽ-120 ലക്ഷം രൂപ. 2014 ഡിസംബർ മുതൽ മുടങ്ങി. ഇ.എസ്.ഐ-16 ലക്ഷം. 2017 മേയ് മുതൽ അടക്കുന്നില്ല. അതേസമയം, പി.എഫ് കുടിശ്ശികയുള്ളതായി സമ്മതിച്ചെങ്കിലും ജീവനക്കാർ കണക്കുകൾ പെരുപ്പിച്ച് കാണിക്കുകയാണെന്നാണ് എം.ഡിമാരും ടെക്സ്ഫെഡ് എം.ഡിയും പറയുന്നത്. പ്രശ്നത്തിൽ ഇ.പി.എഫ് റീജനൽ കമീഷണർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാൻ യൂനിയനുകൾ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ സ്പിന്നിങ് മില്ലുകൾ നഷ്ടത്തിലാണെന്ന കാരണത്താൽ തൊഴിലാളികളുടെ ശമ്പള പരിഷ്കരണ ചർച്ചപോലും നടത്തരുതെന്ന ഉത്തരവും വ്യവസായ വകുപ്പ് ഇറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.