ഭിന്നശേഷിക്കാരനായ യുവാവി​െൻറ ദുരവസ്​ഥ ലോകമറിഞ്ഞു; മിനി സിവില്‍ സ്​റ്റേഷനിലെ ലിഫ്റ്റിന്​ ശാപമോക്ഷം

ആലുവ: മിനി സിവില്‍ സ്റ്റേഷനിലെത്തിയ ഭിന്നശേഷിക്കാരനായ യുവാവി​െൻറ ദുരവസ്ഥ പുറംലോകമറിഞ്ഞതോടെ ലിഫ്റ്റിന് ശാപമോക്ഷം. മാസങ്ങളായി കേടായിക്കിടക്കുന്ന ലിഫ്റ്റ് അടിയന്തരമായി നന്നാക്കാന്‍ ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല ശനിയാഴ്ച ഉത്തരവിട്ടു. ടെക്‌നീഷന്‍മാരെത്തി അറ്റകുറ്റപ്പണി നടത്തി വൈകീട്ടോടെ ലിഫ്റ്റ് പ്രവര്‍ത്തനക്ഷമമാക്കി. ആലുവ തഹസില്‍ദാറുടെ നേതൃത്വത്തിലാണ് ലിഫ്റ്റി​െൻറ അറ്റകുറ്റപ്പണി നടത്തിയത്. വെള്ളിയാഴ്ച മിനി സിവില്‍ സ്റ്റേഷനില്‍ പരീക്ഷയെഴുതാനെത്തിയ അരക്കുകീഴെ തളര്‍ന്ന കീഴ്മാട് സ്വദേശി ഷൈന്‍മോനെ വീല്‍ചെയറില്‍ എടുത്തുയര്‍ത്തി നാലാം നിലയിലെത്തിച്ചിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ സെബി വി. ബാസ്റ്റി​െൻറ നേതൃത്വത്തിലാണ് ഷൈന്‍മോനെ മുകളിലേക്കും തിരിച്ചും എത്തിച്ചത്. സംഭവം വാര്‍ത്തയായതോടെയാണ് ലിഫ്റ്റ് അടിയന്തരമായി പ്രവർത്തിപ്പിക്കാൻ സാഹചര്യമൊരുങ്ങിയത്. ജില്ല കലക്ടര്‍ ശനിയാഴ്ച രാവിലെ തഹസില്‍ദാറിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ആലുവ മിനി സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റ് ഇടയ്ക്കിടെ നിന്നുപോകുന്നുണ്ടെന്ന പരാതിയും ഉണ്ട്. അറ്റകുറ്റപ്പണി നടത്തിയാലും ദിവസങ്ങൾക്കകം പൂർവ സ്ഥിതിയിലാകുമെന്ന പരാതിയുമുണ്ട്. ആലുവ മിനി സിവില്‍ സ്‌റ്റേഷനിലെ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ സെബി വി. ബാസ്റ്റിന്‍ കലക്ടര്‍ക്ക് ശനിയാഴ്ച പരാതി നല്‍കി. എല്ലാ മിനി സിവില്‍ സ്റ്റേഷനിലും ലിഫ്റ്റ് സൗകര്യം വേണമെന്ന് ആലുവ: ജില്ലയിലെ മുഴുവന്‍ മിനി സിവില്‍ സ്റ്റേഷനിലും ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും ആവശ്യം ഉയരുന്നു. ഇതുസംബന്ധിച്ച് തണല്‍ പാലിയേറ്റിവ് ആൻഡ് പാരാപ്ലീജിക് കെയര്‍ സൊസൈറ്റി, ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ല കലക്ടര്‍ക്ക് നിവേദനം നല്‍കി. ഡ്രൈവിങ് ലേണേഴ്‌സ് ടെസ്റ്റുമായി ബന്ധപ്പെട്ട് ആലുവ സ്വദേശിക്കുണ്ടായ ദുരനുഭവത്തെത്തുടർന്നാണ് സംഘടന ഇടപെട്ടത്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലുള്ള ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ലൈസന്‍സ് ക്യാമ്പ് നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. തണല്‍ പാരാപ്ലീജിക് കെയര്‍ കണ്‍വീനറും എ.കെ.ഡബ്ല്യു.ആര്‍.എഫ് ജില്ല സെക്രട്ടറിയുമായ രാജീവ് പള്ളുരുത്തി, തണല്‍ ജില്ല സെക്രട്ടറി സാബിത് ഉമര്‍, സോളിഡാരിറ്റി ജില്ല സെക്രട്ടറി രഹനാസ് ഉസ്മാന്‍ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു. ചിത്രം: എല്ലാ മിനി സിവില്‍ സ്റ്റേഷനിലും ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.