കടമ്പ്രയാറിൽ തൂക്കു​പാലം പണിതിട്ട്​ ഒരു വർഷം; ഉദ്​ഘാടനം ചെയ്യാൻ ഇനിയും സമയമായില്ല

കിഴക്കമ്പലം: പ്രകൃതിയുടെ നേർക്കാഴ്ചയുടെ അടയാളമായി തോടുകളും കൈത്തോടുകളുമായി സഞ്ചാരികളെ ആകർഷിക്കുന്ന കടമ്പ്രയാർ ടൂറിസം പദ്ധതി മെല്ലെപ്പോക്കിൽ. പഴങ്ങനാട് ഭാഗത്തുനിന്ന് കടമ്പ്രയാറിന് കുറുകെ ഒരു വർഷം മുമ്പ് തൂക്കുപാലം നിർമിച്ചെങ്കിലും ഉദ്ഘാടനം നടത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. സഞ്ചാരികൾക്ക് നടക്കാമെങ്കിലും ഉദ്ഘാടനം നീളുകയാണ്. വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച ടൂറിസം വികസന പദ്ധതികൾക്ക് വേഗം പോരെന്നും ആക്ഷേപമുണ്ട്. നഗരത്തി​െൻറ തിരക്കുകളിൽനിന്ന് ഒഴിഞ്ഞ് സഞ്ചാരികൾക്കായി ശാന്ത സുന്ദരമായൊരിടം ഉണ്ടെങ്കിലും അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാൻ ശ്രമം ഉണ്ടാകുന്നില്ല. കടമ്പ്രയാറിൽ അത്യാവശ്യം വേണ്ടത് ശൗചാലയ സൗകര്യങ്ങളാണ്. വാക് വേയുടെ പുനർനിർമാണവും നടക്കണം. സഞ്ചാരികൾക്ക് കൂടുതൽ ഇരിപ്പിടങ്ങൾ ഒരുക്കണമെന്നും ആവശ്യമുണ്ട്. രാത്രി പ്രദേശം ഇരുട്ടിലാണ്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ഇത് പരിഹരിക്കാൻപോലും സന്നദ്ധമായിട്ടില്ല. മനയ്ക്കക്കടവ് ടൂറിസം ഹബ് ആക്കി മാറ്റണമെന്നാണ് ആവശ്യം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വൻ വീഴ്ചയാണ് സംഭവിച്ചതെന്നാണ് ആരോപണം. കടമ്പ്രയാറി​െൻറ അരികിലൂടെ പ്രകൃതിഭംഗി ആസ്വദിച്ച് കിലോമീറ്ററുകളോളം നടക്കാനാകുന്ന വാക്വേ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ, പല വശങ്ങളും ഇടിഞ്ഞുതൂങ്ങിയ നിലയിലാണ്. തുരുമ്പെടുത്തു കൈവരികൾ നശിച്ചതിനാൽ കടമ്പ്രയാറിലേക്ക് സഞ്ചാരികൾ വീഴാനുള്ള സാധ്യത ഏറെയാണ്. കടമ്പ്രയാറിന് സമീപത്തെ പാടശേഖരങ്ങൾ കൃഷിക്ക് യോഗ്യമാകുന്നതോടൊപ്പം കടമ്പ്രയാറി​െൻറ ഇരുബണ്ടിലൂെടയും റോഡുകൾ നിർമിക്കാം. കിഴക്കമ്പലം അങ്ങാടി, പഴങ്ങനാട്, പുതുശ്ശേരിക്കടവ്, പള്ളിക്കര ചന്തക്കടവ്, മനയ്ക്കക്കടവ്, താളിക്കല്ല്, പാപ്പാറക്കടവ് എന്നിവിടങ്ങളിൽ ജെട്ടികൾ നിർമിച്ച് ബോട്ട് യാത്രക്കുള്ള സൗകര്യം ഒരുക്കാം. ചൂണ്ടയിടാൻ ഒട്ടേറെപ്പേരാണ് കടമ്പ്രയാറിൽ എത്തുന്നത്. ഉച്ചക്കും വൈകുന്നേരങ്ങളിലും പ്രദേശവാസികളും പുറത്തുനിന്നുള്ളവരും മീൻപിടിക്കാൻ കടമ്പ്രയാർ ടൂറിസം പ്രദേശത്ത് എത്തും. പടം. കടമ്പ്രയാർ ടൂറിസം മേഖലയിൽ ഉദ്ഘാടനം ചെയ്യാത്ത തൂക്കുപാലം തുരുമ്പെടുത്ത നിലയിൽ thookpalam )
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.