ജില്ലയുടെ സമഗ്ര വികസനം: ഉപസമിതികളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു

കാക്കനാട്: ജില്ലയുടെ സമഗ്ര വികസനത്തിനുള്ള ജില്ല പദ്ധതി തയാറാക്കാനുള്ള ഉപസമിതികളുടെ പ്രവര്‍ത്തനം ജില്ലയില്‍ പുരോഗമിക്കുന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിലി​െൻറ അധ്യക്ഷതയില്‍ നടന്ന ആസൂത്രണ സമിതി യോഗത്തില്‍ ഉപസമിതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച അവലോകനം നടന്നു. ഓരോ മേഖലയും കണ്ടെത്തി പ്രത്യേകം പദ്ധതികള്‍ തയാറാക്കുന്നതോടെ ജില്ലയുടെ സമഗ്ര വികസനം സാധ്യമാകുമെന്ന് ആശ സനില്‍ പറഞ്ഞു. മിക്ക പഞ്ചായത്തുകളും സമിതികളുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഉപസമിതി ചെയര്‍മാന്‍മാരുടെ പ്രത്യേക യോഗം വിളിക്കാനും പ്രസിഡൻറ് നിര്‍ദേശിച്ചു. ജില്ലയുടെ വികസന പരിപ്രേക്ഷ്യം രൂപപ്പെടുത്തുന്നതിന് പുറമെ, ജില്ലയില്‍ നിലവില്‍ നടപ്പാക്കുന്ന പദ്ധതി നടത്തിപ്പ് രീതി വിശകലനം, മാപ്പിങ് തയാറാക്കുക, വികസന വിടവുകള്‍ കണ്ടെത്തുക, വിശകലനത്തി​െൻറ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാറിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിർദേശങ്ങള്‍ നല്‍കുക, തുടങ്ങിയവയാണ് ജില്ല പദ്ധതി ലക്ഷ്യമിടുന്നത്. നെടുമ്പാശ്ശേരി, പൂതൃക്ക, ചേന്ദമംഗലം, പൈങ്ങോട്ടൂര്‍ എന്നീ പഞ്ചായത്തുകളുടെ പദ്ധതി ഭേദഗതിക്ക് ആസൂത്രണ സമിതി യോഗത്തില്‍ അനുമതി നല്‍കി. അപ്പീല്‍ കമ്മിറ്റി മുമ്പാകെയെത്തിയ ചിറ്റാറ്റുകര പഞ്ചായത്തി​െൻറ കക്ക സംരക്ഷണ പദ്ധതിക്ക് സമിതി അംഗീകാരം നല്‍കി. പാമ്പാക്കുട, പെരുമ്പാവൂര്‍ നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ അപ്പീലുകള്‍ക്ക് അനുമതി ലഭിച്ചില്ല. ലോകബാങ്ക് ധനസഹായവുമായി ബന്ധപ്പെട്ട അവലോകന യോഗവും നടന്നു. ജില്ല പ്ലാനിങ് ഓഫിസര്‍ സാലി ജോസഫ്, ജില്ല ആസൂത്രണ സമിതി അംഗങ്ങള്‍, വിവിധ തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.