കൊച്ചി: വീണ്ടുമൊരു സ്കൂൾ ബസ് അപകടം. കഴിഞ്ഞദിവസം പെരുമ്പാവൂർ വേങ്ങൂരിൽ ബസ് മതിലിലിടിച്ച് മറിയുകയായിരുന്നു. സ്കൂൾ ജീവനക്കാരി മരിക്കുകയും കുട്ടികളുൾപ്പെടെ 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബസിെൻറ ടയർ തേഞ്ഞുതീർന്നിരുന്നതും പരിചയമില്ലാത്ത ഡ്രൈവറുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്കൂൾ കുട്ടികളുടെ യാത്രക്കാര്യത്തിൽ ഇനിയും ജാഗ്രത പുലർത്തിയില്ലെങ്കിൽ കനത്ത വില നൽകേണ്ടിവരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാൻ അധ്യയന വർഷാരംഭത്തിൽ ഡി.ജി.പി കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിരുന്നെങ്കിലും പലരുമത് പാലിക്കാറില്ലെന്ന് ജോയൻറ് ആർ.ടി.ഒ കെ.എൽ. ഫ്രാങ്ക്ളിൻ പറഞ്ഞു. ബസുകളുടെ ഫിറ്റ്നസും ഡ്രൈവർമാരുടെ ലൈസൻസും മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചിരുന്നു. ഡ്യൂട്ടി സമയത്ത് മദ്യപിക്കുന്നതായ പരാതിയെത്തുടർന്ന് സ്കൂൾ ബസ് ഡ്രൈവർമാർക്ക് മാത്രമായി മിന്നൽ പരിശോധന നടത്തി. ഇരുപതോളം പേർക്കെതിരെ നടപടിയെടുത്തു. കുട്ടികളെ കുത്തിനിറച്ച് സർവിസ് നടത്തിയ വാഹനങ്ങൾക്കെതിരെയും കേസെടുത്തു. എന്നാൽ, വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു. മാതാപിതാക്കളും സ്കൂൾ അധികൃതരും ഇക്കാര്യങ്ങൾ അറിയാത്തവരല്ല. എന്നാൽ, പരാതി നൽകുകയോ വിവരം അറിയിക്കുകയോ ചെയ്യാറില്ല. ഡ്രൈവർമാർ, അധ്യാപകർ, മാതാപിതാക്കൾ, വിദ്യാർഥികൾ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേകം ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയാണ് ഇനിയുള്ള മാർഗമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾ കൃത്യമായ ഇടവേളകളിൽ സ്കൂൾ ബസുകൾ പരിശോധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. എന്നാൽ, ഇവർ കാണിക്കുന്ന ഉത്സാഹംപോലും സ്കൂൾ അധികൃതരുടെയും മാതാപിതാക്കളുടെയും ഭാഗത്ത് നിന്നുണ്ടാകുന്നില്ല. സ്കൂൾ ബസ് ഡ്രൈവർ, ജീവനക്കാർ, എന്നിവരെക്കുറിച്ച ഫോൺ നമ്പർ ഉൾപ്പെടെ വിവരങ്ങൾ അധികൃതർക്കൊപ്പം മാതാപിതാക്കളും സൂക്ഷിക്കണമെന്നാണ് ഡി.ജി.പിയുടെ നിർദേശം. മാതാപിതാക്കളിൽ ഏറിയപങ്കും ഇക്കാര്യത്തിൽ അജ്ഞരാണ്. ഡ്രൈവറോ ജീവനക്കാരനോ മാറിയാൽപ്പോലും അറിയിപ്പുണ്ടാകാറില്ല. യഥാസമയം അറ്റകുറ്റപ്പണി നടത്തി ബസുകളുടെ ഫിറ്റ്നസ് ഉറപ്പാക്കാൻ സ്കൂൾ മാനേജ്മെൻറും മടി കാണിക്കുന്നതോടെ ദുരന്തവഴിയിലൂടെയാണ് നമ്മുടെ കുഞ്ഞുങ്ങൾ പലപ്പോഴും യാത്ര ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.