മാർക്കറ്റിലെ മാലിന്യം കമീഷൻ ചെയർമാൻ സന്ദർശിച്ചിട്ടും നഗരസഭക്ക് കുലുക്കമില്ല; സെക്രട്ടറിക്ക് നോട്ടീസയക്കാൻ തീരുമാനം ആലുവ: മാർക്കറ്റിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് മനുഷ്യാവകാശ കമീഷൻ ചെയർമാൻ നേരിട്ട് സന്ദർശിച്ച് നടപടി ആവശ്യപ്പെട്ടിട്ടും നഗരസഭക്ക് കുലുക്കമില്ല. മാലിന്യം നീക്കാൻ തയാറാകാത്ത നടപടിക്കെതിരെ സെക്രട്ടറിക്ക് കമീഷൻ നോട്ടീസ് അയക്കും. സെക്രട്ടറി നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്ന് കമീഷൻ ആക്ടിങ് ചെയർമാൻ കെ. മോഹനദാസ് വിലയിരുത്തി. ആലുവയിലെ സിറ്റിങ്ങിൽ സെക്രട്ടറി നേരിട്ട് ഹാജരാകാനും ഉത്തരവിട്ടു. ആഗസ്‌റ്റ് 18ന് നടന്ന സിറ്റിങ്ങിനെ തുടർന്നാണ് ചെയർമാൻ മാർക്കറ്റ് സന്ദർശിക്കുകയും നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാം ഉൾപ്പെടെയുള്ളവരെ സ്‌ഥലത്തേക്ക് വിളിച്ചുവരുത്തുകയും ചെയ്തത്. ചെയർപേഴ്‌സനോട് മാലിന്യം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളടക്കമുള്ള കാര്യങ്ങൾ അദ്ദേഹം ധരിപ്പിച്ചിരുന്നു. പൊതുമാർക്കറ്റിെൻറ നിർമാണം രണ്ട് വർഷത്തിനകം പൂർത്തിയാക്കണമെന്നും അദ്ദേഹം നിർദേശം നൽകി. എന്നാൽ, മാലിന്യം നീക്കണമെന്ന ഉത്തരവ് നടപ്പായില്ല. ഇതുമായി ബന്ധപ്പെട്ട് വീണ്ടും പരാതികൾ ഉയർന്നതോടെയാണ് നഗരസഭ അധികൃതർക്കെതിരെ നടപടിയെടുക്കാൻ കമീഷൻ തീരുമാനിച്ചത്. മാലിന്യം നീക്കുന്നത് വരെ മാർക്കറ്റിെൻറ പ്രവർത്തനം നിർത്തണമെന്ന് ആവശ്യമുയർന്നെങ്കിലും ഇക്കാര്യത്തിൽ കമീഷൻ അഭിപ്രായം പറഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.