നഗരസഭയിലെ ക്രമക്കേട്: കോണ്‍ഗ്രസ് സമരത്തോട് മുഖം തിരിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍

കാക്കനാട്: നഗരസഭയിലെ ക്രമക്കേടുകള്‍ക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ സമരത്തോട് മുഖം തിരിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍. വ്യാജ ടാക്‌സി സര്‍വിസിന് ഒത്താശ ചെയ്ത നഗരസഭ അധികൃതര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉപരോധ സമരത്തില്‍ രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഒഴികെ മറ്റുള്ളവര്‍ വിട്ടുനിന്നതാണ് വിവാദമായത്. 43 അംഗ നഗരസഭയില്‍ 21 പേര്‍ പ്രതിപക്ഷ അംഗങ്ങളാണ്. കൗണ്‍സിലര്‍മാരായ റഫീഖ് പൂതേലിയും അജിത തങ്കപ്പനും മാത്രമാണ് ഉപരോധ സമരത്തില്‍ പങ്കെടുത്തത്. നഗരസഭയിലെ ക്രമക്കേടുകള്‍ക്കെതിരെ പ്രതിപക്ഷ അംഗങ്ങള്‍ ശബ്ദിക്കുന്നില്ലെന്ന ആക്ഷേപം ശരിവെക്കുംവിധമാണിത്. നഗരസഭ പ്രതിപക്ഷനേതാവ് പി.എം. സലീമും വിട്ടു നിന്നവരുടെ കൂട്ടത്തില്‍പ്പെടും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോടികളുടെ ക്രമക്കേട് നടന്നതായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തായിട്ടും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതികരിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം കോണ്‍ഗ്രസ് ഐ വിഭാഗമാണ് നഗരസഭയില്‍ നിരന്തര സമരം സംഘടിപ്പിക്കുന്നതെന്നും നഗരസഭ കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷം വരുന്ന എ വിഭാഗം അതുകൊണ്ടാണ് പങ്കെടുക്കാത്തതെന്നുമാണ് നേതാക്കളുടെ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.