ചെങ്ങന്നൂർ: ഒാൺലൈൻ ബാങ്കിങ്ങിന് ഉപയോഗിക്കുന്ന രഹസ്യ നമ്പർ (ഒ.ടി.പി) കൈക്കലാക്കി ഓൺലൈനിലൂടെ വൃദ്ധദമ്പതികളുടെ അക്കൗണ്ടിൽനിന്ന് 1,90,000 രൂപ തട്ടി. ചെങ്ങന്നൂർ കീഴ്‌ച്ചേരിമേൽ ബി.എസ്.എൻ.എൽ ഓഫിസിന് സമീപം ശ്രീകോവിൽ വീട്ടിൽ ശ്രീധരൻ നായരുടെയും ഭാര്യ സൂസെൻറയും ഇന്ത്യൻ ബാങ്ക് ചെങ്ങന്നൂർ ശാഖയിലെ പെൻഷൻ അക്കൗണ്ടുകളിൽനിന്നാണ് പണം തട്ടിയത്. ശ്രീധരൻ നായർ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി ജീവനക്കാരനും സൂസൻ അധ്യാപികയുമായിരുന്നു. മകൻ ദീപു അയർലൻഡിലാണ്. കാനഡയിലുള്ള മകൾ ദിവ്യക്കൊപ്പം ആറു മാസത്തോളം താമസിച്ചശേഷം കഴിഞ്ഞ 23നാണ് ഇവർ നാട്ടിലെത്തിയത്. ആശുപത്രിയിലായിരുന്ന ഇവർ ബുധനാഴ്ച രാവിലെയാണ് വീട്ടിലെത്തിയത്. ഉച്ചക്ക് ഒരു മണിയോടെ ഇവർക്ക് റിസർവ് ബാങ്ക് തിരുവനന്തപുരം ഓഫിസിൽനിന്നാണെന്ന് പരിചയപ്പെടുത്തി ലാൻഡ് ഫോണിൽ കോൾ എത്തി. ഇംഗ്ലീഷിൽ സംസാരിച്ച വ്യക്തി, ഇരുവരുടെയും അക്കൗണ്ടുകൾ ആധാറുമായി ലിങ്കു ചെയ്തിട്ടില്ല എന്നും ആറുമാസമായി എ.ടി.എം കാർഡുകൾ ഇവർ ഉപയോഗിച്ചിട്ടില്ല എന്നും അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും പറഞ്ഞു. മൊബൈലിൽ ഒ.ടി.പി നമ്പർ ലഭിക്കുന്നതെങ്ങനെയെന്നും വിശദീകരിച്ചു. ഇതനുസരിച്ച് തങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് എടുത്ത ഒ.ടി.പി നമ്പർ ഇയാൾക്ക് കൈമാറുകയായിരുന്നു. ഇരുവരുടെയും അക്കൗണ്ടുകളിൽനിന്ന് 98,000, 92,000 രൂപ വീതം പിൻവലിച്ചു എന്ന് അൽപ സമയത്തിനുള്ളിൽ മൊബൈൽ ഫോണിൽ സന്ദേശം എത്തിയപ്പോഴാണ് ചതി മനസ്സിലാകുന്നത്. ഇന്ത്യൻ ബാങ്കിെൻറ ചെങ്ങന്നൂർ ശാഖയിൽ ബന്ധപ്പെട്ടെങ്കിലും അവർക്ക് ഇതു സംബന്ധിച്ച് വിവരമുണ്ടായിരുന്നില്ല എന്ന് അറിയിച്ചു. വിളി വന്ന ഫോൺ നമ്പറുകളിലേക്ക് ഡയൽ ചെയ്തുവെങ്കിലും സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി. പരാതി ലഭിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.