ലേക് പാലസ്​ റിസോർട്ട്​ പൂട്ടിക്കാൻ ഗൂഢ ശ്രമമെന്ന്​ കമ്പനി

ആലപ്പുഴ: ലേക് പാലസ് റിസോർട്ട് നിലം പരിവർത്തനം നടത്തുന്നുവെന്നും അനധികൃത നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നുമുള്ള വ്യാജ പ്രചാരണം കുറച്ചുനാളായി ചിലർ നടത്തുകയാണെന്ന് ഉടമസ്ഥരായ വാട്ടർ വേൾഡ് ടൂറിസം കമ്പനി. ഈ പ്രചാരണങ്ങളെ തുടർന്ന് നടത്തുന്ന അന്വേഷണത്തിൽ സെപ്റ്റംബർ 26ന് പ്രമുഖ നിയമ സ്ഥാപനമായ 'ബെൽ വേർഡിയ ലീഗൽ' മുഖാന്തരം കമ്പനി കലക്ടർ മുമ്പാകെ ഹാജരായി കാര്യങ്ങൾ ബോധിപ്പിച്ചുവെന്ന് വാർത്തകുറിപ്പിൽ അറിയിച്ചു. കമ്പനി നിലം നികത്തിെയന്ന് ആരോപിച്ച് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ 2014 മാർച്ച് 21ന് ആലപ്പുഴ ജില്ല കലക്ടറോട് വിശദഅന്വേഷണം നടത്തി എല്ലാ രേഖകളും പരിശോധിച്ച് മുഴുവൻ ആളുകളെയും കേട്ട് ഉചിത തിരുമാനമെടുക്കാൻ ഇടക്കാല ഉത്തരവായിട്ടുള്ളതാണ്. ഇതുപ്രകാരം 2014 നവംബറിൽ കലക്ടർ ഉത്തരവിറക്കി. കേസ് ഇപ്പോഴും ഹൈകോടതി പരിഗണനയിലാണ്. അന്വേഷണത്തോട് പൂർണമായി സഹകരിക്കാമെന്നും ആരോപണങ്ങളിൽ വ്യക്തത വരുത്തി ഏതെല്ലാം വിഷയങ്ങളിൽ മറുപടി പറയണമെന്ന് രേഖാമൂലം അറിയിച്ചാൽ കലക്ടർ നിശ്ചയിക്കുന്ന ദിവസം വീഴ്ച കൂടാതെ ഈ വിഷയങ്ങൾ ബോധിപ്പിച്ചു കൊള്ളാമെന്നും കമ്പനി രേഖാമൂലം അറിയിച്ചു. കുട്ടനാടി​െൻറ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ നിലവിലെ നിയമങ്ങൾ എല്ലാം അനുസരിച്ച് ടൂറിസം രംഗത്ത് സ്തുത്യർഹ സേവനമാണ് ലേക് പാലസ് റിസോർട്ട് നടത്തി വരുന്നത്. നീതിപൂർണമായ അന്വേഷണം തീരുന്നതുവരെ മറ്റു ദുഷ്പ്രചാരണങ്ങൾ അവസാനിപ്പിക്കണം. സ്വാർഥ താൽപര്യത്തോടെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും അത് ലേക് പാലസ് റിസോർട്ടിനെ ഇല്ലായ്മ ചെയ്യാനാണെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.