സൗന്ദര്യവത്​കരണത്തെ അനുകൂലിച്ച് മുഖ്യമന്ത്രി; വെട്ടിലായി സി.പി.എം പ്രാദേശിക നേതൃത്വം

സൗന്ദര്യവത്കരണത്തെ അനുകൂലിച്ച് മുഖ്യമന്ത്രി; സി.പി.എം പ്രാദേശിക നേതൃത്വം വെട്ടിലായി ആലുവ: നഗരത്തിൽ മെട്രോ അധികൃതർ നടപ്പാക്കുന്ന സൗന്ദര്യവത്കരണത്തെ അനുകൂലിച്ച് മുഖ്യമന്ത്രി. എം.എൽ.എയോടും നഗരസഭ അധികൃതരോടുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ അനുകൂല നിലപാട് അറിയിച്ചത്. ഇതോടെ അകാരണമായി സൗന്ദര്യ വത്കരണത്തെ എതിർത്ത സി.പി.എം പ്രാദേശിക നേതൃത്വം വെട്ടിലായി. എട്ടുകോടി ചെലവിൽ നടപ്പാക്കുന്ന സൗന്ദര്യവത്കരണം തടസ്സപ്പെട്ടത് സംബന്ധിച്ച് അന്വേഷിക്കുമെന്നും നിർമാണം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി എം.എൽ.എ പറഞ്ഞു. സി.പി.എം പ്രാദേശിക നേതൃത്വം സൗന്ദര്യവത്കരണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം നൽകിയ പരാതി സ്വീകരിച്ചാണ് അന്വേഷിക്കാമെന്ന് ഉറപ്പ് നൽകിയത്. വ്യാപാരികളുടെ വാഹന പാർക്കിങ്ങും മോട്ടോർ വാഹന സ്‌റ്റാൻഡും നഷ്ടപ്പെടുമെന്ന് ആരോപിച്ചാണ് സി.പി.എം പ്രവർത്തകർ സൗന്ദര്യവത്കരണം തടഞ്ഞത്. രണ്ടാഴ്ചയായി നിർമാണം പുനരാരംഭിക്കാത്ത സാഹചര്യത്തിലാണ് നഗരസഭ അധികൃതർ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ചില സി.പി.എം നേതാക്കൾ വ്യക്തിപരമായ താൽപര്യത്തിനുവേണ്ടിയാണ് നിർമാണം തടഞ്ഞതെന്നും പരാതിയിൽ പറയുന്നു. നഗരസഭ കൗൺസിലർമാർക്ക് സൗന്ദര്യവത്കരണത്തി​െൻറ ദൃശ്യാവിഷ്കാരം മെട്രോ അധികൃതർ പ്രദർശിപ്പിച്ച ശേഷമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. ആ സമയത്ത് എതിരഭിപ്രായം രേഖപ്പെടുത്താതിരുന്ന സി.പി.എം കൗൺസിലർമാർ ഉൾപ്പെടെ പദ്ധതിയെ എതിർക്കുന്നത് ചില നേതാക്കളുടെ സമ്മർദത്തിന് വഴങ്ങിയാെണന്ന് ആരോപണമുണ്ട്. പൊലീസ് സംരക്ഷണത്തിൽ നിർമാണം പുനരാരംഭിക്കണമെന്ന് കെ.എം.ആർ.എല്ലിനോട് നഗരസഭ ആവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടായിരുന്നില്ല. അൻവർ സാദത്ത് എം.എൽ.എയുടെ സാന്നിധ്യത്തിലാണ് പരാതി നൽകിയത്. കൗൺസിലർ ജെറോം മൈക്കിളും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.