സ്മാര്‍ട്ട് സിറ്റിയില്‍ നോക്കുകൂലി തര്‍ക്കം; ഗര്‍ഡറുകള്‍ ഇറക്കാന്‍ പൊലീസ് സംരക്ഷണം

കാക്കനാട്: സ്മാര്‍ട്ട് സിറ്റി നിര്‍മാണസ്ഥലത്ത് നോക്കുകൂലി ആവശ്യപ്പെട്ട് തര്‍ക്കം. തുടർന്ന് കലക്ടര്‍ ഇടപെട്ട് പൊലീസ് സംരക്ഷണത്തോടെയാണ് ലോഡ് ഇറക്കിയത്. ഭീമന്‍ ട്രെയിലറുകളില്‍ എത്തിച്ച 42 ടണ്‍ സ്റ്റീല്‍ ഗര്‍ഡറുകളും ബീമുകളും ഇറക്കാൻ കൂടുതല്‍ കൂലി ചോദിച്ചായിരുന്നു തര്‍ക്കം. സ്മാര്‍ട്ട് സിറ്റിയിലെ 34 കെട്ടിട നിര്‍മാണത്തിന് കഴിഞ്ഞ 29ന് രണ്ട് ട്രെയിലറുകളിലാണ് നിര്‍മാണസാമഗ്രികള്‍ എത്തിച്ചത്. പൂര്‍ണമായും ക്രെയിനുകള്‍ ഉപയോഗിച്ചുള്ള അണ്‍ലോഡിങ് നടത്താൻ ട്രെയിലറുകളില്‍ ഗര്‍ഡറുകളില്‍ ഹുക്ക് ഘടിപ്പിക്കുന്ന ജോലിമാത്രമാണ് ചുമട്ട് തൊഴിലാളികള്‍ക്ക്് കരാര്‍പ്രകാരം നല്‍കിയിരുന്നത്. ജില്ല ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ സെറ്റില്‍മ​െൻറ് കരാര്‍പ്രകാരം രണ്ട് ട്രെയിലറുകളിലെ ഗര്‍ഡറുകളും ബീമുകളും ഇറക്കുന്നതിന് തൊഴിലാളികള്‍ക്ക് 1050 രൂപയേ നല്‍കേണ്ടതുള്ളൂവെന്നാണ് നിര്‍മാണക്കമ്പനി അധികൃതര്‍ പറയുന്നത്. ഹുക്ക് ഘടിപ്പിക്കാൻ വന്‍ തുക ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കാരണം ലോഡ് ഇറക്കാന്‍ കഴിഞ്ഞില്ല. മൂന്നുദിവസത്തെ അവധിക്കുശേഷം ചൊവ്വാഴ്ച ലോഡ് ഇറക്കുന്നതിനെച്ചൊല്ലി തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് നിര്‍മാണക്കമ്പനി അധികൃതര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയത്. പദ്ധതി പ്രദേശങ്ങളില്‍ തൊഴിലാളി തര്‍ക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിച്ചിരിക്കെ സി.പി.എം നിയന്ത്രണത്തിലുള്ള സി.ഐ.ടി.യു തൊഴിലാളികള്‍ ഉള്‍പ്പെടെയാണ് ലോഡ് ഇറക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടാക്കിയത്. ലോഡ് എത്തിയത് മുതല്‍ അവധിയായിരുന്നതിനാല്‍ തര്‍ക്കം പരിഹരിച്ച് ഇറക്കാനായില്ല. ചൊവ്വാഴ്ച ജില്ല ഭരണകൂടം ഇടപെട്ടതിനെത്തുടര്‍ന്ന് ലോഡ് ഇറക്കിയെങ്കിലും കൂലി സംബന്ധിച്ച് തര്‍ക്കം പരിഹരിച്ചിട്ടില്ല. പിന്നീട് പരിഹരിക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് തൊഴിലാളികള്‍തന്നെ ലോഡ് ഇറക്കുകയായിരുന്നു. ചാനല്‍ ഇറക്കുന്നത് സംബന്ധിച്ച് നിരക്ക് നിശ്ചയിച്ചില്ലെന്നാണ് തൊഴിലാളികളുടെ വാദം. തർക്കത്തെ തുടര്‍ന്ന് മാനേജ്‌മ​െൻറ് തൊഴിലാളികളെക്കൊണ്ട് ഗര്‍ഡറുകളില്‍ ഹുക്ക് ഘടിപ്പിച്ച് ലോഡ് ഇറക്കാന്‍ ശ്രമിച്ചെങ്കിലും ചുമട്ടുതൊഴിലാളികള്‍ സമ്മതിച്ചില്ല. സി.ഐ.ടി.യു തൊഴിലാളികളെക്കൂടാതെ ഐ.എന്‍.ടി.യു.സി, എസ്.ടി.യു തൊഴിലാളികളും ഉള്‍പ്പെടെ രംഗത്തെത്തിയതോടെ പ്രശ്‌നം വഷളായി. ഇതേതുടര്‍ന്ന് നിര്‍മാണക്കമ്പനി അധികൃതര്‍ പരാതി നല്‍കി. കലക്ടറുടെ നിര്‍ദേശപ്രകാരം സിറ്റി പൊലീസ് കമീഷണര്‍ ഇടപെട്ട് ഇൻഫോപാര്‍ക്ക് സി.ഐ പി.കെ. രാധാമണിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംരക്ഷണത്തോടെയാണ് ലോഡ് ഇറക്കിയത്. ജില്ല ഡെപ്യൂട്ടി ലേബര്‍ ഓഫിസറും സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.