കുമ്പളത്തെ ടോൾ പിരിവിനെതിരെ നിയമനടപടിക്ക് നീക്കം അരൂർ: കുമ്പളം ടോൾ പ്ലാസയിലെ ടോൾ പിരിവിനെതിരെ താലൂക്ക് റോഡ് സുരക്ഷ സമിതി നിയമ നടപടികളിലേക്ക് നീങ്ങുന്നു. 1986ൽ അരൂർ-കുമ്പളം പാലത്തിെൻറ തെക്കുഭാഗത്ത് അരൂരിലായിരുന്നു ടോൾ പിരിവ് കേന്ദ്രം. പുതുതായി മറ്റൊരു പാലം കൂടി നിർമിച്ചതോടെ ടോൾ പിരിവ് കേന്ദ്രം കുമ്പളത്തേക്ക് മാറ്റുകയായിരുന്നു. 50 കോടിയോളം രൂപ മുടക്കിയാണ് പാലവും റോഡും നിർമിച്ചത്. എന്നാൽ, മുടക്കുമുതലിെൻറ നാലിരട്ടിയോളം ഇതിനകം ടോൾ ഇനത്തിൽ പിരിച്ചെടുത്തിട്ടുണ്ടെന്ന് റോഡ് സുരക്ഷ സമിതി ചെയർമാൻ ജോസഫ് കണ്ടോത്ത്, സമിതി കൺവീനർ സി.എ. മുഹമ്മദ് കോയ, ജോയൻറ് കൺവീനർ എൻ.എ. ആൻറണി എന്നിവർ പറഞ്ഞു. കുമ്പളം നിവാസികൾക്ക് നിലവിൽ ടോൾ പിരിവിൽ ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ, തൊട്ടടുത്ത അരൂർ നിവാസികൾക്ക് ഇളവ് നൽകാൻ ദേശീയപാത അതോറിറ്റി അധികൃതർ തയാറാകുന്നില്ല. തോപ്പുംപടി ബി.ഒ.ടി പാലത്തിെൻറ ടോൾ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നിർത്തിയിരുന്നു. എന്നാൽ, കുമ്പളം ടോൾ പ്ലാസയിലെ പിരിവ് അവസാനിപ്പിക്കാൻ ദേശീയപാത അധികൃതർ തയാറാകുന്നില്ല. ഇതേ തുടർന്നാണ് നിയമ നടപടിയുമായി മുന്നോട്ട് പോകുന്നതെന്ന് അവർ പറഞ്ഞു. ടോൾ പിരിവ് നിർത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗതമന്ത്രി, സംസ്ഥാന ഗതാഗതമന്ത്രി, കെ.സി. വേണുഗോപാൽ എം.പി, എ.എം. ആരിഫ് എം.എൽ.എ, കലക്ടർ എന്നിവർക്ക് നിവേദനം നൽകി. ടോൾ പിരിവ് നിർത്തണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിക്കുമെന്ന് എ.എം. ആരിഫ് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.