കൊച്ചി: പുതുക്കിയ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഉൽപാദകരും വ്യാപാരികളും സജീവമായതോടെ നികുതി കുറച്ച ജി.എസ്.ടി കൗൺസിൽ തീരുമാനങ്ങൾ അട്ടിമറിക്കപ്പെടുന്നു. ഇരുനൂറോളം ഉൽപന്നങ്ങളുടെ നികുതി കുറച്ച് ഉത്തരവായതനുസരിച്ച് കഴിഞ്ഞ 15 മുതൽ ഗണ്യമായി വില കുറയേണ്ടതാണ്. പല അവശ്യമരുന്നുകളുടെയും നികുതി ഇളവ് ഇനിയും നടപ്പായിട്ടില്ല. ജി.എസ്.ടി കിഴിച്ചുള്ള തുക ഉയർത്തി എം.ആർ.പി പഴയ വിലയിലേക്ക് എത്തിച്ചാണ് പലരുടെയും കൊള്ള. ഇതിൽ വ്യക്തമായ പരിശോധന നടത്തി നടപടിയെടുക്കാൻ സർക്കാർ തയാറായിട്ടില്ല. നികുതിയിളവിെൻറ ആനുകൂല്യം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ഉൽപാദകരെ ചോദ്യം ചെയ്ത വ്യാപാരികൾക്ക് കൃത്യമായ മറുപടി നൽകാൻ അവർ തയാറായില്ല എന്ന ആക്ഷേപവുമുണ്ട്. നൂറിലധികം സാധനങ്ങളുടെ ജി.എസ്.ടിയാണ് 28ൽനിന്ന് 18 ശതമാനത്തിലേക്ക് കുറച്ചത്. മറ്റു നിരവധി ഉൽപന്നങ്ങൾക്ക് ആറു മുതൽ 23 ശതമാനം വരെ ഇളവും പ്രഖ്യാപിച്ചിരുന്നു. അഞ്ചും മൂന്നും ശതമാനം നികുതിയുണ്ടായിരുന്ന ചില ഇനങ്ങൾ പൂർണമായി നികുതിമുക്തമാക്കുകയുമുണ്ടായി. എന്നാൽ, ഉൽപാദകർ നൽകിയ പുതിയ വിലവിവരപ്പട്ടിക കണ്ടപ്പോഴാണ് വില കുറഞ്ഞിട്ടില്ലെന്ന് വ്യാപാരികൾ മനസ്സിലാക്കിയത്. അടിസ്ഥാന വില കൂട്ടി പഴയ നിരക്കിലേക്ക് തന്നെ എത്തിക്കുകയായിരുന്നു. 28 ൽനിന്നും 18 ശതമാനത്തിലേക്ക് കുറച്ച സൗന്ദര്യവർധക വസ്തു വിഭാഗത്തിൽപെട്ട ഒരിനം സോപ്പിന് ഇപ്പോഴും 28 ശതമാനമാണ് നികുതി. 78.62 രൂപ അടിസ്ഥാന വിലയുള്ള ഈ ഉൽപന്നത്തിന് 28 ശതമാനം ജി.എസ്.ടിയോടെ 97.62 രൂപയാണ് ചൊവ്വാഴ്ചയും ഈടാക്കിയത്. 125. 80 രൂപയാണ് എം.ആർ.പി. അഞ്ചു ശതമാനം മാത്രം നികുതി ഇൗടാക്കേണ്ട ആസ്ത്മക്ക് ഉപയോഗിക്കുന്ന മരുന്നിന് ഇപ്പോഴും 12 ശതമാനം നികുതിയാണ് വാങ്ങുന്നത്. ഇൗ മരുന്നിന് വ്യാപാരികളിൽനിന്ന് 12.50 രൂപയാണ് ഉൽപാദർ ഇൗടാക്കുന്നത്. ഇതിെൻറ അടിസ്ഥാന വില 11.50 രൂപയും എം.ആർ.പി 15.33 രൂപയുമാണ്. മരുന്ന്, കോസ്മെറ്റിക്സ് തുടങ്ങിയവ കൃത്യമായി ഏത് വിഭാഗത്തിലാണ് വരികയെന്ന് അറിയാത്തതിെൻറ പ്രശ്നമുണ്ടെന്നും വ്യാപാരികൾ പറയുന്നു. അടിസ്ഥാന വില ഉയർത്തി പഴയ വിലയിൽ തന്നെ വിൽക്കുന്നതിൽ പ്രധാനം ഹോട്ടൽ ഭക്ഷണമാണ്. നികുതി 18ൽനിന്ന് അഞ്ചു ശതമാനമാക്കിയെങ്കിലും അടിസ്ഥാന വില ഉയർത്തി നിരവധി ഹോട്ടലുടമകൾ നികുതിയിളവ് അട്ടിമറിക്കുകയാണ്. ഊണ്, മീൻ കറി ഉൾപ്പെടെ 100 രൂപയും 18 ശതമാനം ജി.എസ്.ടിയും ചേർത്ത് 118 രൂപയാണ് വാങ്ങിയിരുന്നത്. നികുതി കുറച്ചപ്പോൾ അതിെൻറ ഗുണം ജനങ്ങൾക്ക് കിട്ടാത്ത രീതിയിൽ അടിസ്ഥാന വില 115 രൂപയാക്കി. വിവരം ശ്രദ്ധയിൽപെട്ടതിെന തുടർന്ന് നടപടിയുമായി ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. വില വർധിപ്പിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന ഭാരവാഹി ടി.സി. റഫീഖ് 'മാധ്യമ'ത്തോട് പറഞ്ഞു. മുമ്പ് 28 ശതമാനം ജി.എസ്.ടിയോടെ 153 രൂപയായിരുന്ന ഷാമ്പൂവിന് നികുതി കുറച്ചപ്പോഴും ആനുകൂല്യം ലഭിച്ചില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. 120 രൂപ അടിസ്ഥാന വിലയും 33.6 രൂപ ജി.എസ്.ടിയുമായിരുന്നു ആദ്യം. കുറവ് വന്നപ്പോൾ അടിസ്ഥാന വില 129 രൂപയാക്കി. 18 ശതമാനം ജി.എസ്.ടി ഉൾപ്പെടെ ഇപ്പോൾ വില 152 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.