കൊച്ചി: പാറ്റൂർ കേസിൽ ഭൂമി അളക്കലും വിജിലൻസ് നടപടികളും വൈകുന്നതിൽ ഹൈകോടതിക്ക് അതൃപ്തി. കേസിെൻറ പേരിൽ ഭൂമി അളന്നളന്ന് പോവുകയാണോയെന്നും ഇല്ലാത്ത രേഖകൾ അന്വേഷിക്കുകയാണോയെന്നും കോടതി ആരാഞ്ഞു. പുരാരേഖ വകുപ്പുമായി ബന്ധപ്പെട്ട ഒരു രേഖ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണെന്ന് സർക്കാർ ബോധിപ്പിച്ചപ്പോൾ ഇല്ലാത്ത പൂച്ചയെ ഇരുട്ടിൽ തപ്പുകയാണോയെന്ന് കോടതി വാക്കാൽ ചോദിച്ചു. തിരുവനന്തപുരം പാറ്റൂരിൽ വാട്ടർ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈൻ മാറ്റി സ്വകാര്യ ബിൽഡർക്ക് 12.75 സെൻറ് ഭൂമി ലഭ്യമാക്കിയെന്ന വിജിലൻസ് കേസ് റദ്ദാക്കാൻ മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷൺ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസാണിത്. വഞ്ചിയൂര്‍ വില്ലേജിലെ പുറമ്പോക്കും സര്‍ക്കാര്‍ ഭൂമിയും വേര്‍തിരിച്ച് വ്യക്തമാക്കുന്ന സർവേ പൂര്‍ത്തിയാക്കാന്‍ 20 ദിവസംകൂടി വേണമെന്ന് വ്യാഴാഴ്ച കേസ് പരിഗണനക്ക് എടുത്തയുടന്‍ സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ രണ്ടാഴ്ച ചോദിച്ചത് അനുവദിച്ചതാണല്ലോയെന്നും സർവേ നടത്താൻ ഇത്രസമയം എന്തിനെന്നും കോടതി ചോദിച്ചു. സർവേ പൂർത്തിയാക്കാൻ രണ്ടാഴ്ച മതിയെങ്കിലും നടപടികൾ പൂർത്തീകരിക്കാൻ കൂടുതൽ സമയം വേണമെന്നായി അഭിഭാഷകൻ. പ്രതികൾ നിരപരാധികളാണെങ്കിൽ ഇത്ര വൈകുന്നത് ശിക്ഷയാകില്ലേയെന്ന് കോടതി ചോദിച്ചു. സർവേ നടക്കട്ടെ. കോടതിയുടെ മുന്നിലുള്ളത് ക്രിമിനൽ കേസ് വിഷയമാണ്. ഭൂമി സര്‍ക്കാറിേൻറതാണോ സ്വകാര്യ ഭൂമിയാണോ എന്നതിന് ഇതില്‍ പ്രസക്തിയില്ല. കേസ് തീർന്നാലും സർവേ തുടരാം. ഒരു പ്രത്യേക ഭൂമിയുടെ വിവരം എടുക്കാന്‍ പ്രദേശത്ത് മുഴുവന്‍ സർവേ നടത്തുന്നതെന്തിന്. 2017ലും ഇതാണ് അവസ്ഥയെങ്കിൽ ഇക്കാര്യത്തിലെ പരാജയമാണത് വ്യക്തമാക്കുന്നത്. ഒരു ക്രിമിനൽ കേസിൽ രണ്ടും മൂന്നും വർഷം ആളുകളെ നടത്തിക്കാമോ. ഇങ്ങനെയാണെങ്കിൽ സാധാരണക്കാര്‍ക്ക് എങ്ങനെയാണ് നീതി ലഭിക്കുക. പുരാവസ്തു വകുപ്പിൽനിന്ന് കിട്ടാനുള്ള രേഖ കോടതി ഉത്തരവിട്ട് വാങ്ങിത്തരണോയെന്നും ആരാഞ്ഞു. രേഖ അനിവാര്യമാണെന്നും സമയം വേണമെന്നും സർക്കാർ അഭിഭാഷകൻ ആവർത്തിച്ചതോടെ ഹരജി ഡിസംബർ ആറിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.