കാക്കനാട്: സി.പി.ഐ ലോക്കല്‍ സമ്മേളനങ്ങളില്‍ തൃക്കാക്കര നഗരസഭ ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനം. നഗരസഭ ഭരണം രണ്ടുവര്‍ഷം പിന്നിട്ടിട്ടും ഒരു പദ്ധതിക്കും തുടക്കം കുറിക്കാനായിട്ടില്ലെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ പട്ടികജാതി വനിതയായതിനാല്‍ ഭരണം മെച്ചപ്പെടുത്താന്‍ സി.പി.എം താല്‍പര്യം കാണിക്കുന്നില്ലെന്നും ആേക്ഷപം ഉയര്‍ന്നു. ഭരണകാലാവധി എങ്ങനെയെങ്കിലും പൂര്‍ത്തീകരിക്കണമെന്ന നിലപാടാണ് പ്രാദേശിക സി.പി.എം നേതാക്കള്‍ക്കുള്ളതെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. തൃക്കാക്കര നഗരസഭയുടെ സ്ഥലവും കെട്ടിടവും സഹകരണാശുപത്രിക്ക് പാട്ടത്തിന് നല്‍കിയത് കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാന്‍ നടപടിയില്ല. നഗരസഭക്ക് നല്ലൊരു ഓഫിസ് സമുച്ചയവും ഷോപ്പിങ് മാളും വേണമെന്ന ദീര്‍ഘകാല ആവശ്യവും നടപ്പായില്ല. കാക്കനാട് ജങ്ഷന് സമീപം നഗരസഭയുടെ അധീനതയിലിരുന്ന ആറേക്കറോളം സ്ഥലത്തെച്ചൊല്ലി റവന്യൂ വകുപ്പുമായി തര്‍ക്കത്തിലാണ്. സ്ഥലം നഗരസഭക്ക് വിട്ടുകിട്ടാന്‍ സി.പി.എമ്മിെൻറ ഭാഗത്തുനിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ആധുനിക നഗരസഭ ഓഫിസ് മന്ദിരം സ്വപ്നം മാത്രമായി. സഹകരണാശുപത്രിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ആശുപത്രിക്ക് കൂടുതല്‍ സ്ഥലം വേണമെന്ന സംഘാടകരുടെ ആവശ്യം മുഖ്യമന്ത്രി നിരസിക്കുകയായിരുന്നു. എന്നാല്‍, സി.പി.എം നേതാക്കള്‍ നഗരസഭയുടെ ഭൂമിയുടെ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ എത്തിച്ചില്ലെന്നാണ് സമ്മേളന പ്രതിനിധികളുടെ മറ്റൊരു ആരോപണം. പഴങ്ങാട്ടുചാല്‍ ടൂറിസം പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പായിട്ടില്ല. പദ്ധതി പ്രദേശത്തേക്ക് വഴിക്കായി സ്ഥലം വാങ്ങുന്നതിനെച്ചൊല്ലി സി.പി.എം നേതാക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പദ്ധതി നടപ്പാക്കുന്നതില്‍ വിലങ്ങുതടിയായത്. സി.പി.ഐ ഈസ്റ്റ്- വെസ്റ്റ് ലോക്കല്‍ സമ്മേളനങ്ങള്‍ സംയുക്തമായാണ് സംഘടിപ്പിച്ചത്. നിയോജകമണ്ഡലം അസി.സെക്രട്ടറി കെ.കെ. സന്തോഷ് ബാബു, ജില്ല എക്‌സിക്യൂട്ടിവ് അംഗം കെ.വിജയന്‍പിള്ള, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. അഷ്റഫ്, തൃക്കാക്കര മണ്ഡലം സെക്രട്ടറി എം. എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.