നബാര്‍ഡ് ഉന്നതതല സംഘം സന്ദര്‍ശിച്ചു

കൂത്താട്ടുകുളം: ഇടയാർ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ (എം.പി.ഐ) ഫാക്ടറിയിൽ നബാര്‍ഡിൽനിന്ന് ലഭിച്ച 924 ലക്ഷം രൂപ െചലവഴിച്ച് നിർമിച്ചുവരുന്ന പദ്ധതികൾ ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ചു. ചെറിയ മൃഗങ്ങളെയും വലിയ മൃഗങ്ങളെയും കശാപ്പു ചെയ്യാൻ നിർമിച്ച ആധുനിക പ്ലാൻറ്, നിർമാണത്തിലിരിക്കുന്ന മാലിന്യ സംസ്കരണ പ്ലാൻറ് എന്നിവയുടെ പരിശോധനക്കാണ് സംഘം കമ്പനിയിലെത്തിയത്. നബാർഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബൈജു കുറുപ്പ്, അസിസ്റ്റൻറ് ജനറല്‍ മാനേജര്‍ കെ. രാമലിംഗം എന്നിവര്‍ ആയിരുന്നു ഇന്‍സ്‌പെക്ഷന്‍ സംഘത്തിലുണ്ടായിരുന്നത്. കൊല്ലം ജില്ലയിലെ ഏരൂരില്‍ തുടങ്ങുന്ന മാംസ സംസ്‌കരണ യൂനിറ്റിന് ഏരൂര്‍ പഞ്ചായത്ത് അനുവദിച്ച സ്ഥലവും സംഘം സന്ദര്‍ശിച്ചു. ഏരൂര്‍ പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, വാര്‍ഡ് മെംബര്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. മാനേജിങ് ഡയറക്ടര്‍ ഡോ.എ.എസ്. ബിജുലാല്‍, പ്രൊഡക്ഷന്‍ മാനേജര്‍ ഡോ. സജി ഈശോ, ലെയിസണ്‍ ഓഫിസര്‍ കെ.ടി. രാഘവന്‍, പ്രൊഡക്ഷന്‍ എന്‍ജിനീയര്‍ ആല്‍ബിന്‍ സി. ജോണ്‍ എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കി. നബാര്‍ഡ് ടീം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംതൃപ്തി പ്രകടിപ്പിച്ചു. ഏരൂര്‍ പദ്ധതിക്കുളള 1150 ലക്ഷം രൂപയുടെ ധനസഹായത്തിനുള്ള ശിപാര്‍ശയും സംഘം നബാർഡിന് സമർപ്പിക്കും. ഇടയാർ എം.പി.ഐയിൽ പൂര്‍ത്തിയാക്കിയ പദ്ധതി 2018 ജനുവരി ഒന്നിന് നാടിന് സമര്‍പ്പിക്കും. ഇവിടെ ദിവസേന 400 മൃഗങ്ങളെ കശാപ്പുചെയ്ത് 35 മെട്രിക് ടണ്‍ ഇറച്ചി ഉല്‍പന്നങ്ങള്‍ വിതരണം നടത്തും. ഇതില്‍ വ്യവസായിക ഉല്‍പാദനം തുടങ്ങിക്കഴിഞ്ഞാല്‍ കയറ്റുമതിയും ആരംഭിക്കും. തുടര്‍ന്ന് കുറഞ്ഞകാലം കൊണ്ട് കമ്പനി ലാഭത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യമാകുമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.