ബസ് സ്​റ്റാൻഡിലെ കെട്ടിടനിർമാണം: കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന്​ മനുഷ്യാവകാശ കമീഷന്‍

മാവേലിക്കര: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ എം.എല്‍.എ ഫണ്ട് വിനിയോഗിച്ചുള്ള കെട്ടിടനിര്‍മാണം മുടങ്ങിയതിൽ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. കേസില്‍ രണ്ടാമത്തെ എതിര്‍കക്ഷിയായ നഗരസഭ സെക്രട്ടറി കമീഷന് റിപ്പോര്‍ട്ട് നല്‍കി. ബസ് സ്റ്റാന്‍ഡ് സ്ഥിതിചെയ്യുന്ന 62.21 ആര്‍ സ്ഥലത്ത് എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മാണത്തിന് അനുവാദം വാങ്ങിയില്ലെന്നും അതിനാലാണ് സ്‌റ്റോപ് മെമ്മോ നല്‍കിയതെന്നും നഗരസഭ സെക്രട്ടറി എസ്. ബിജു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 2016 ജൂലൈ ഒന്നിനാണ് സ്‌റ്റോപ് മെമ്മോ നല്‍കിയത്. തുടര്‍ന്ന് അസി. ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍നിന്ന് 2016 ജൂലൈ 16, 29 തീയതികളില്‍ നിര്‍മാണം പുനരാരംഭിക്കാന്‍ അനുവാദം നല്‍കണമെന്ന് സൂചിപ്പിച്ച് കത്ത് നല്‍കി. എന്നാല്‍, നിര്‍മാണചുമതല വഹിക്കുന്ന എന്‍ജിനീയറുടെ സര്‍ട്ടിഫിക്കറ്റ് സഹിതം പെര്‍മിറ്റ് വാങ്ങാൻ നഗരസഭയില്‍ അപേക്ഷ നല്‍കിയില്ല. കഴിഞ്ഞ മാര്‍ച്ച് 17ന് നിര്‍മാണം സംബന്ധിച്ച ചര്‍ച്ചക്ക് കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെട്ട ഉപസമിതി ചേര്‍ന്നിരുന്നു. യോഗത്തില്‍ കെട്ടിടം നഗരസഭക്ക് പ്രയോജനം ലഭിക്കത്തക്ക തരത്തില്‍ കൂടുതല്‍ തുക വകകൊള്ളിച്ച് താഴെ ബസ് പാര്‍ക്കിങ്ങും മുകളില്‍ ഷോപ്പിങ് കോംപ്ലക്‌സും നിര്‍മിക്കാനായി മാറ്റം വരുത്തണമെന്നും ഇക്കാര്യം എം.എല്‍.എയെ ബോധ്യപ്പെടുത്തണമെന്നും ഉപസമിതി തീരുമാനിച്ചു. ഇത് കൗണ്‍സിലും അംഗീകരിച്ചു. കഴിഞ്ഞ മാര്‍ച്ച് 21ന് ഈ വിവരങ്ങള്‍ എം.എല്‍.എയെ അറിയിെച്ചന്നുമാണ് നഗരസഭ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേത്തുടര്‍ന്നാണ് കലക്ടറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമീഷന്‍ നിര്‍ദേശിച്ചത്. എത്തിയത് മൂന്നുപേർ മാത്രം; ഭൂമി പതിവ് കമ്മിറ്റി യോഗം മാറ്റി മാവേലിക്കര: ഭൂരിപക്ഷം അംഗങ്ങളും എത്താതിരുന്നതിനാൽ താലൂക്കിലെ ഭൂമി പതിവ് കമ്മിറ്റിയുടെ ആദ്യയോഗം നടന്നില്ല. എം.പിയും എം.എല്‍.എയും ഉള്‍പ്പെടെ 20 പേര്‍ പങ്കെടുക്കേണ്ട യോഗത്തില്‍ മൂന്നുപേരാണ് എത്തിയത്. യോഗം 30ലേക്ക് മാറ്റിയതായി തഹസില്‍ദാര്‍ അറിയിച്ചു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം കഴിഞ്ഞ മാസമാണ് താലൂക്കില്‍ പുതിയ ഭൂമി പതിവ് കമ്മിറ്റി നിലവില്‍വന്നത്. പുറമ്പോക്കുഭൂമിയില്‍ താമസിക്കുന്നവരുടെ വിവരം ശേഖരിച്ച് അവര്‍ക്ക് ഭൂമി പതിച്ചുനല്‍കുകയും ഇതുസംബന്ധിച്ച പരാതികള്‍ പരിഹരിക്കുകയുമാണ് കമ്മിറ്റിയുടെ ചുമതല. ഭൂമി പതിച്ച് നല്‍കിയാല്‍ അവര്‍ക്ക് വീട് നിര്‍മിക്കാന്‍ കഴിയും. ഇതിന് നമ്പറും ഇട്ട് നല്‍കും. എന്നാല്‍, വസ്തു കൈമാറ്റം ചെയ്യാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം തഹസില്‍ദാറുടെ ചേംബറിലാണ് യോഗം തീരുമാനിച്ചത്. വെട്ടിയാര്‍, നൂറനാട്, വള്ളികുന്നം, പാലമേല്‍, താമരക്കുളം, ഭരണിക്കാവ് വില്ലേജുകളില്‍നിന്ന് ഒമ്പതുപേര്‍ക്ക് ഭൂമി പതിച്ചുനല്‍കാൻ തീരുമാനമെടുക്കേണ്ടിയിരുന്നു. കൈവശാവകാശ രേഖകളുമായി ബന്ധപ്പെട്ട് നാല് പരാതികളും ഉണ്ടായിരുന്നു. വെട്ടിയാര്‍ വില്ലേജില്‍നിന്ന് ഭൂമി പതിച്ചുനല്‍കുന്നതിന് മൂന്ന് അപേക്ഷയാണ് ലഭിച്ചത്. എന്നിട്ടും ഇവിടെനിന്ന് ആരും യോഗത്തില്‍ പങ്കെടുത്തില്ല. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രണ്ടുപേരും തഹസില്‍ദാറും മാത്രമാണ് എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.