കിഴക്കമ്പലം: ജില്ലയിൽ ഏറ്റവും കൂടുതൽ വിഭാഗീയത നിലനിൽക്കുന്ന കോലഞ്ചേരി ഏരിയ കമ്മിറ്റിക്ക് കീഴിൽ വിഭാഗീയതയെ തുടർന്ന് പിരിച്ചുവിട്ട ലോക്കൽ സമ്മേളനങ്ങൾ ഞായറാഴ്ച വീണ്ടും നടന്നതോടെ ഇരു വിഭാഗവും ജില്ല സംസ്ഥാന നേതാക്കളുടെ ശക്തമായ ഇടപെടലിനെ തുടർന്ന് സമവായത്തിലെത്തി. കിഴക്കമ്പലം, പട്ടിമറ്റം ലോക്കൽ സമ്മേളനങ്ങളാണ് വിഭാഗീയതയെ തുടർന്ന് പിരിച്ചുവിട്ടിരുന്നത്. ലോക്കൽ സമ്മേളനങ്ങളിൽ ഇരുവിഭാഗവും ചേരിതിരിഞ്ഞ് മത്സരരംഗത്ത് എത്തിയതോടെയായിരുന്നു സമ്മേളനം പിരിച്ചുവിടൽ. സമവായത്തിലെത്തിയതോടെ പട്ടിമറ്റത്ത് ലോക്കൽ കമ്മറ്റിയിലേക്കും ഏരിയ സമ്മേളന പ്രതിനിധികളായും ഇരു വിഭാഗത്തിനും ഒപ്പത്തിന് ഒപ്പമാണ് പ്രതിനിധികൾ. ലോക്കൽ സെക്രട്ടറി നിലവിലുള്ള വി.എസ് പക്ഷക്കാരനായ ഗോപാലകൃഷ്ണനെ നിലനിർത്തി. എന്നാൽ, ലോക്കൽ കമ്മിറ്റിയിലെ രണ്ട് വി.എസ് പക്ഷക്കാരെ ഒഴിവാക്കിയിട്ടുണ്ട്. കിഴക്കമ്പലത്ത് വി.എസ് പക്ഷത്തിനാണ് മുൻതൂക്കം. ലോക്കൽ കമ്മിറ്റിയിലേക്ക് വി.എസ് പക്ഷത്തുള്ള എട്ടുപേർ ഉള്ളപ്പോൾ ഏഴുപേരാണ് പിണറായി പക്ഷത്തുനിന്നുള്ളത്. ലോക്കൽ സെക്രട്ടറിയും വി.എസ് പക്ഷക്കാരനായ ജിൻസ് ടി. മുസ്തഫയാണ്. ഏരിയ സമ്മേളന പ്രതിനിധികളായും വി.എസ് പക്ഷം ആധിപത്യം നിലനിർത്തി. ഒമ്പതുപേർ വി.എസ് പക്ഷത്തുനിന്നുള്ളപ്പോൾ ഏഴുപേരാണ് പിണറായി പക്ഷത്തുനിന്നുള്ളത്. എന്നാൽ, കഴിഞ്ഞ തെരെഞ്ഞടുപ്പിൽ പിണറായി പക്ഷത്തുനിന്ന് മൂന്നുപേരെ മാത്രമേ ഏരിയ പ്രതിനിധിയാക്കാൻ കഴിഞ്ഞിരുന്നുള്ളൂ. പിണറായി പക്ഷത്തെ അനിൽ കുമാർ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ തയാറായെങ്കിലും നേതാക്കളായ പി. രാജീവും സി.എൻ. മോഹനനും ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ഇതോടെയാണ് ഇരു വിഭാഗവും സമവായത്തിലെത്തിയത്. ലോക്കൽ സമ്മേളനങ്ങൾ സമാപിച്ചതോടെ 24ന് ഏരിയ സമ്മേളനം നടക്കാനിരിേക്ക, അണിയറയിൽ കമ്മിറ്റി പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ഇരു വിഭാഗവും. നിലവിൽ വി.എസ് പക്ഷത്തിന് ആധിപത്യമുള്ള ഏരിയ കമ്മിറ്റിയാണ് കോലഞ്ചേരി. എന്നാൽ, ഇക്കുറി ഇരുവിഭാഗവും ഏരിയ കമ്മിറ്റി പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ്. ഇതോടെ ലോക്കൽ സമ്മേളനങ്ങളിൽ നിലനിന്ന വിഭാഗീയത ഏരിയ കമ്മിറ്റിയിലും പ്രകടമാകുമെന്ന ആശങ്കയിലാണ് നേതൃത്വം. ഏരിയ പ്രതിനിധികളിൽ ഇരു വിഭാഗവും ഭൂരിപക്ഷം അവകാശപ്പെടുമ്പോൾ ഏരിയ സമ്മേളനങ്ങളിൽ ജില്ല-സംസ്ഥാന നേതാക്കളുടെ തീരുമാനങ്ങൾ നിർണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.