സ്വത്ത് തട്ടിയെടുത്ത പെൺമക്കളുടെ ഭീഷണി; 92കാരിക്ക് സംരക്ഷണമൊരുക്കി കലക്ടർ

ആലപ്പുഴ: കലക്ടർ ടി.വി. അനുപമയുടെ നേതൃത്വത്തിൽ നടന്ന അമ്പലപ്പുഴ താലൂക്കുതല പരാതി പരിഹാര അദാലത് സേവനസ്പർശത്തിൽ 57 പരാതിക്ക് പരിഹാരം. 126 പേർ വിവിധ പരാതിയുമായി കലക്ടറെ നേരിൽ കണ്ടു. സ്വത്ത് തട്ടിയെടുത്ത പെൺമക്കൾക്കെതിരെ 92കാരിയായ സൈനബ കലക്ടർക്ക് പരാതി നൽകി. ലോണെടുക്കാനാണെന്ന് പറഞ്ഞാണ് 20 സ​െൻറ് സ്ഥലവും വീടും രണ്ട് പെൺമക്കളും ചേർന്ന് എഴുതിവാങ്ങിച്ചത്. തന്നെയും രോഗിയായ മകനെയും കുടുംബത്തെയും വീട്ടിൽനിന്ന് ഇറക്കിവിടാനുള്ള പെൺമക്കളുടെ ശ്രമം തടയണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സൈനബക്ക് എല്ലാ സംരക്ഷണവും ഒരുക്കുമെന്ന് കലക്ടർ ഉറപ്പുനൽകി. നടപടി സ്വീകരിക്കുന്നതിന് പൊലീസിനെ ചുമതലപ്പെടുത്തി. കുടുംബവിഹിതം കിട്ടിയ വസ്തു അതിരുതിരിച്ച് അളന്ന് തിട്ടപ്പെടുത്തി ലഭിക്കുന്നതിന് ഏഴുവർഷമായി ഓഫിസുകൾ കയറിയിറങ്ങിയ ആൾക്ക് സേവനസ്പർശം സാന്ത്വനമായി. പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ തഹസിൽദാറെ കലക്ടർ ചുമതലപ്പെടുത്തി. പറവൂരിലെ കാളിയാംപറമ്പ് വളപ്പിൽ കുടുംബട്രസ്റ്റ് വക വസ്തുവിനോട് ചേർന്ന് കിടക്കുന്ന പുറമ്പോക്കുഭൂമിയിൽ വൃദ്ധസദനം സ്ഥാപിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് ട്രസ്റ്റ് ഭാരവാഹികൾ കലക്ടറെ കണ്ടു. റവന്യൂ രേഖകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു. വീടിന് സമീപത്തെ കുരിശടിയിൽ ആരാധന നടത്തുന്നവരും ആരാധനക്കെത്തുന്നവരും ചേർന്ന് വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്നതായും വസ്തു കൈയേറാൻ ശ്രമിക്കുന്നതായും കാണിച്ച് വീട്ടമ്മ നൽകിയ പരാതിയിൽ ആർ.ഡി.ഒ അന്വേഷണത്തിന് ഉത്തരവിട്ടു. പുന്നമട വാർഡിൽ ആറ്റിലേക്കൊഴുകുന്ന തോട്ടിലെ കലുങ്കിനടിയിൽ മണ്ണടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടതായും വീട്ടിലും പുരയിടത്തിലും വെള്ളം കയറി ജീവിതം ദുസ്സഹമായതായും കാണിച്ച് അജിനി വില്ലയിൽ അജിനി നൽകിയ പരാതിയിൽ മണ്ണ് അടിയന്തരമായി നീക്കാൻ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിർദേശം നൽകി. കൺസ്ട്രക്ഷൻ ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് അയൽവാസികളായ ഭാര്യയും ഭർത്താവും ചേർന്ന് പണം തട്ടിയെടുത്തെന്ന പൂന്തോപ്പ് സ്വദേശിനിയുടെ പരാതിയും മണ്ണഞ്ചേരിയിലെ സ്വർണക്കടയിൽനിന്ന് രണ്ട് ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളെടുക്കാൻ ഇടനിലക്കാരനായി നിന്ന ആളെ സ്വർണം വാങ്ങിയ പരിചയക്കാരൻ പണം നൽകാതെ വഞ്ചിച്ചെന്ന പരാതിയും അന്വേഷിക്കാൻ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി. റേഷൻ കാർഡി​െൻറ മുൻഗണന ക്രമത്തിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട പരാതികളൊഴികെയുള്ളവക്ക് അദാലത്തിൽ തീർപ്പുണ്ടാക്കാനായി. എസ്.ഡി.വി സ​െൻറിനറി ഹാളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുവരെ നടന്ന അദാലത്തിൽ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 29, എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് ആറ്, പഞ്ചായത്ത് വകുപ്പ് 17, സപ്ലൈ ഒാഫിസ് 13, മുനിസിപ്പാലിറ്റി ഏഴ്, ദാരിദ്യ്രനിർമാർജന വിഭാഗം 11, മറ്റു വിഭാഗത്തിെല 43 എന്നിങ്ങനെ പരാതികൾ ലഭിച്ചു. അദാലത്തിൽ സബ് കലക്ടർ വി.ആർ.കെ. തേജ മൈലാവരപ്പൂ, പുഞ്ച സ്പെഷൽ ഓഫിസർ മോൻസി അലക്സാണ്ടർ, ഡെപ്യൂട്ടി കലക്ടർമാരായ എസ്. മുരളീധരൻ പിള്ള, പി.എസ്. സ്വർണമ്മ, അതുൽ എസ്. നാഥ്, വിവിധ വകുപ്പുകളുടെ ജില്ല-താലൂക്ക് തല ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.