ഗതാഗത പരിഷ്‌കാരം; തിങ്കളാഴ്ച മുതൽ ആലുവയിൽ വൺവേ സമ്പ്രദായം

ആലുവ: ഗതാഗത പരിഷ്‌കാരത്തി​െൻറ ഭാഗമായി നഗരത്തിൽ തിങ്കളാഴ്ച മുതൽ 'തൃശൂർ മോ‌ഡൽ' വൺവെ റൗണ്ട് സമ്പ്രദായം നടപ്പാക്കും. പരീഷണാടിസ്ഥാനത്തിലാണ് പരിഷ്കാരം നടപ്പാക്കുന്നതെന്ന് റൂറൽ ജില്ല പൊലീസ് മേധാവി എ.വി. ജോർജ് അറിയിച്ചു. സെപ്‌റ്റംബർ 25ന് ചേർന്ന ഗതാഗത ഉപദേശക സമിതി നൽകിയ നിർദേശമാണ് നടപ്പാക്കുന്നത്. ബാങ്ക് കവല, പമ്പ് കവല, റെയിൽവേ, കെ.എസ്.ആർ.ടി.സി, ഗവ. ആശുപത്രി, കാരോത്തുകുഴി, സ്വകാര്യ സ്‌റ്റാൻഡ്‌ വഴി തിരികെ ബാങ്ക് കവല എന്നതാണ് വൺവേ റൗണ്ട് സമ്പ്രദായം. നഗരത്തിൽനിന്ന് അങ്കമാലിക്ക് പോകേണ്ട വാഹനങ്ങൾ മാർക്കറ്റിൽ പാലത്തിനടിയിലൂടെ ദേശീയപാതയിൽ പ്രവേശിക്കണം. എറണാകുളത്തേക്കുള്ളവ പുളിഞ്ചോട് വഴി പോകണം. എറണാകുളത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ മേൽപാലത്തിനടിയിലൂടെ സ്വകാര്യ സ്‌റ്റാൻഡ്‌, ബാങ്ക് കവല, പമ്പുകവല, റെയിൽവേ, കെ.എസ്.ആർ.ടി.സി വഴി സ്‌റ്റാൻഡിലെത്തണം. സ്വകാര്യ ബസുകൾ പമ്പുകവലയിൽനിന്ന് സീനത്ത് വഴി പോകണം. ബൈപാസ് ഭാഗത്തുനിന്ന് കോതമംഗലത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ബാങ്ക് കവല വഴി സ്‌റ്റാൻഡിലെത്തണം. തുടർന്ന് കരോത്തുകുഴി, സ്വകാര്യ സ്‌റ്റാൻഡ്‌ വഴി പോകണം. പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ നിന്നുള്ള എല്ലാ വാഹനങ്ങളും പമ്പ് കവലയിൽ നിന്ന്് സീനത്ത്, റെയിൽവേ സ്‌ക്വയർ വഴി പോകണം. പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിലെ റോഡിൽനിന്ന് വരുന്ന ബസുകൾ സാധാരണപോലെ സ്‌റ്റാൻഡിലെത്തണം. ബൈപാസ് ഭാഗത്തുനിന്നുള്ള സ്വകാര്യ ബസുകൾ ബാങ്ക് കവല വഴി സാധാരണ പോലെ സ്‌റ്റാൻഡിലെത്തണം. എറണാകുളം, അങ്കമാലി ഭാഗത്തുനിന്നുള്ള ചരക്ക് വാഹനങ്ങൾ ബൈപാസ്, ബാങ്ക് കവല വഴി പോകണം. പമ്പുകവല ഭാഗത്തുനിന്നും പാലസ് റോഡ് വഴി ബൈപ്പാസ് ഭാഗത്തേക്ക് പ്രവേശനമില്ല. പല കാരണങ്ങൾ ചൂണ്ടിക്കാട്ടി പരിഷ്‌കാരം പൊലീസ് നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒടുവിൽ വിവിധ രാഷ്ട്രീയ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോഴാണ് നിർദേശങ്ങൾ നടപ്പാക്കാൻ പൊലീസ് തയാറായത്. അൻവർ സാദത്ത് എം.എൽ.എയും റൂറൽ എസ്.പിയും തമ്മിലുള്ള നീരസവും പരിഷ്‌കാരം നടപ്പാക്കുന്നത് വൈകിപ്പിച്ചതായി ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.