കണ്ടെയ്‌നര്‍ ലോറി പാര്‍ക്കിങ്ങിന്​ മൊബൈൽ ആപ്​​

കൊച്ചി: തുറമുഖത്തെ കണ്ടെയ്‌നര്‍ ട്രെയ്‌ലര്‍ ലോറി പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി ജില്ലാ ഭരണകൂടം. അര്‍പ്പിത, ബി.പി.സി.എല്‍, വെല്ലിങ്ടണ്‍ ഐലന്‍ഡ് എന്നീ പാര്‍ക്കിങ് യാര്‍ഡുകളില്‍ പാര്‍ക്കിങിനുള്ള സ്ഥലം എളുപ്പത്തില്‍ കണ്ടെത്തി ബുക്ക് ചെയ്യാന്‍ അവസരമൊരുക്കുന്നതാണ് കൊച്ചി ഗിയര്‍ എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍. കലക്ടര്‍ മുഹമ്മദ് സഫീറുല്ലയുടെ നിര്‍ദേശപ്രകാരം കേരള സ്റ്റാര്‍ട്ടപ് മിഷന് കീഴിലുള്ള സ്റ്റാര്‍ട്ടപ് കമ്പനിയായ ജീനിയോകോഡ് ഇന്നവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ആപ്ലിക്കേഷന് രൂപം നല്‍കിയത്. കളമശ്ശേരി മുതല്‍ വല്ലാര്‍പാടം വരെയുള്ള കണ്ടെയ്‌നര്‍ റോഡില്‍ അനധികൃതമായി ട്രെയിലറുകള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം അപകടങ്ങളും ഗതാഗതപ്രശ്‌നങ്ങളും പതിവായ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം കൈക്കൊണ്ടു വരുന്ന നടപടികളുടെ ഭാഗമാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍. ട്രെയ്‌ലറുകള്‍ പാര്‍ക്കിങ് യാര്‍ഡുകളിലെത്താത്തത് സംബന്ധിച്ച് ജില്ല ഭരണകൂടം പഠനം നടത്തിയിരുന്നു. പാര്‍ക്കിങ് യാര്‍ഡുകളെ കുറിച്ചുള്ള അറിവില്ലായ്മ, മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ജില്ലകളില്‍നിന്നും വരുന്നവര്‍ക്ക് യാര്‍ഡുകളിലേക്കുള്ള വഴി കണ്ടെത്താനുള്ള ബുദ്ധിമുട്ട്, പാര്‍ക്കിങ് സ്ഥലം കിട്ടുമോ എന്ന അനിശ്ചിതത്വം തുടങ്ങിയവയാണ് കാരണെമന്ന് കണ്ടെത്തിയത്. കണ്ടെയ്‌നര്‍ പാര്‍ക്കിങ് യാര്‍ഡുകള്‍, ലഭ്യമായ പാര്‍ക്കിങ് സ്ഥലം, ട്രെയ്‌ലര്‍ നില്‍ക്കുന്നിടത്തു നിന്നും യാര്‍ഡിലേക്കെത്താനുള്ള ദിശ, ദൂരം, ഏകദേശസമയം എന്നിവയെല്ലാം കൊച്ചി ഗിയറില്‍ എളുപ്പത്തില്‍ കണ്ടെത്താം. ആകര്‍ഷകമായ നിറത്തിലും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന തരത്തിലുമാണ് രൂപകല്‍പന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.