ആലുവ: മോഷ്‌ടാക്കൾ തലവേദനയായി മാറിയ ഉളിയന്നൂരിൽ സുരക്ഷക്കായി നാട്ടുകാർ സംഘടിച്ചു. മോഷ്ടാക്കളിൽനിന്ന് നാടിനെ രക്ഷിക്കാൻ വ്യാപകമായി സി.സി.ടി.വി കാമറകൾ സ്‌ഥാപിക്കാനാണ് നാട്ടുകാരുടെ തീരുമാനം. മോഷണം വർധിച്ചതോടെ കഴിഞ്ഞദിവസം ഉളിയന്നൂരിൽ സംഘടിപ്പിച്ച ജനജാഗ്രത സദസ്സിലാണ് തീരുമാനം. ആലുവ കാർഷികവികസന ബാങ്ക്, കടുങ്ങല്ലൂർ സർവിസ് സഹകരണ ബാങ്ക്, ഏലൂക്കര സഹകരണ സംഘം എന്നീ സ്‌ഥാപനങ്ങളും രാഷ്‌ട്രീയ പാർട്ടികൾ, കുടുംബശ്രീ യൂനിറ്റുകൾ, ക്ലബുകൾ, വ്യക്തികൾ എന്നിവർ ചേർന്ന് 38 കാമറകളാണ് സ്‌ഥാപിക്കുന്നത്. രാത്രി സമയങ്ങളിൽ നിരീക്ഷണം നടത്തുന്നതിനായി സ്‌ക്വാഡ് തിരിച്ച് യുവാക്കളുടെയും മുതിർന്നവരുടെയും 'രാത്രി സേന' രൂപവത്കരിച്ചു. ഉളിയന്നൂരിലെ ജനകീയ മുന്നേറ്റത്തിന് ആലുവ പൊലീസ് പൂർണ പിന്തുണ ഉറപ്പുനൽകി. രാഷ്‌ട്രീയ പാർട്ടികൾ, മത സംഘടനകൾ, ക്ലബുകൾ, കുടുംബശ്രീ യൂനിറ്റുകൾ, യുവജന സംഘടനകൾ, വ്യാപാരികൾ, വീട്ടമ്മമാർ എന്നിവർ പങ്കെടുത്തു. ഉളിയന്നൂർ സർക്കാർ സ്കൂളിൽ നടന്ന സദസ്സ് ആലുവ പ്രിൻസിപ്പൽ എസ്.ഐ എം.എസ്. ഫൈസൽ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം നിഷ ബിജു അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ജിന്നാസ് മുഖ്യ പ്രഭാഷണം നടത്തി. സി.എ. അലിക്കുഞ്ഞ് സ്വാഗതവും അബ്‌ദു മുല്ലോളി നന്ദിയും പറഞ്ഞു. വനിത എസ്.ഐ ജേർറ്റീന ഫ്രാൻസിസിസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.ജി. ഹരി എന്നിവർ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.