വ്യാജ ശമ്പള സർട്ടിഫിക്കറ്റ്​ നൽകി തട്ടിപ്പ്​; സർക്കാർ ജീവനക്കാരൻ അറസ്​റ്റിൽ

കൊല്ലം: വ്യാജ ശമ്പള സർട്ടിഫിക്കറ്റുകൾ നൽകി കെ.എസ്.എഫ്.ഇ ശാഖകളിൽനിന്ന് കോടികൾ തട്ടിയ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ക്ലർക്ക് കെൻസി ജോൺസണാണ് അറസ്റ്റിലായത്. കെ.എസ്.എഫ്.ഇയുടെ 15 ശാഖകളിൽനിന്ന് ഇയാൾ വായ്പ എടുക്കുകയായിരുന്നു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ജീവനക്കാരെന്ന പേരിൽ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പേരിലാണ് വ്യാജ ശമ്പള സർട്ടിഫിക്കറ്റുകളുണ്ടാക്കിയത്. ഇതിൽ ഓട്ടോ ഡ്രൈവർ അടക്കമുള്ളവരുണ്ട്. കെ.എസ്.എഫ്.ഇ കുണ്ടറ രണ്ടാം ശാഖയിൽനിന്ന് സർട്ടിഫിക്കറ്റി​െൻറ ആധികാരികത ഉറപ്പാക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിൽ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. ശമ്പള സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജീവനക്കാർ വായ്പയെടുത്താൽ വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രത്തിന് കെ.എസ്.എഫ്.ഇ തപാലിൽ കത്തയക്കാറുണ്ട്. ഓഫിസിലെ തപാൽ വിഭാഗത്തിൽ ജോലിനോക്കിയിരുന്ന കെൻസി പോസ്റ്റുമാനെ സ്വാധീനിച്ച് കത്തുകൾ വാങ്ങി അംഗീകരിച്ചതായി സീലടിച്ച് തിരിച്ചയക്കുകയായിരുന്നു. ആറ് മാസത്തിനുള്ളിൽ ഒരേ പേരിൽ രണ്ട് സാലറി സർട്ടിഫിക്കറ്റുകൾ ലഭിച്ചതോടെയാണ് തപാൽവഴി സാക്ഷ്യപത്രം സ്വീകരിച്ചതിനൊപ്പം ഫോൺ മുഖാന്തരം കൂടി കുണ്ടറ കെ.എസ്.എഫ്.ഇ ശാഖ സ്ഥിരീകരിക്കാൻ ശ്രമിച്ചത്. തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സിറ്റി പൊലീസ് കമീഷണർക്ക് പരാതിനൽകുകയായിരുന്നു. കെൻസിയെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. ഞായറാഴ്ച രാവിലെ ശങ്കരമംഗലത്ത് യാത്രാമധ്യേ കെൻസിയെ ചവറ പൊലീസ് കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.