1.65 ലക്ഷത്തി​െൻറ നിരോധിത കറൻസിയുമായി മംഗളൂരു സ്വദേശി പിടിയിൽ

തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷനിൽ 1.65 ലക്ഷം രൂപയുടെ നിരോധിത കറൻസിയുമായി മംഗളൂരു സ്വദേശി പിടിയിൽ. ലഹരി വസ്തുക്കൾക്കായി പരിശോധന നടത്തുന്നതിനിടെ തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വേലായുധൻ കുന്നത്തി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് മംഗളൂരു സ്വദേശി ചന്ദ്രയെ (56) പിടികൂടിയത്. ഇയാളിൽനിന്ന് 30,500 രൂപയുടെ സാധുവായ നോട്ടുകളും ലഭിച്ചു. നിരോധിത 1000 രൂപയുടെ 104 നോട്ടുകളും 500​െൻറ 122 നോട്ടുകളുമാണ് പിടികൂടിയത്. വലിയ പ്ലാസ്റ്റിക് കവറിൽ കെട്ടുകളാക്കിയും പല മടക്കുകളായി തിരുകിവെച്ചുമാണ് പണം സൂക്ഷിച്ചിരുന്നത്. നോട്ട് നിരോധനമറിയാതെ സൂക്ഷിച്ചതാണെന്ന് സംശയിക്കുന്നു. വർഷങ്ങളായി കേരളത്തിലാണ് താമസം. വിവിധ ഭാഗങ്ങളിൽ ജോലിക്ക് പോകാറുള്ളതായി ഇയാൾ അറിയിച്ചു. സ്ഥിരമായ താമസകേന്ദ്രങ്ങളില്ല. വൈകീട്ട് 6.45ന് റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽനിന്നാണ് ഇയാൾ പിടിയിലായത്. കൈയിൽ വലിയ സഞ്ചിയുമായി നിൽക്കുന്നത് കണ്ടപ്പോൾ ലഹരി പാക്കറ്റുകളാണെന്ന് കരുതി പിടികൂടി പരിശോധിക്കുകയായിരുന്നു. എക്സൈസ് അസി. ഇൻസ്പെക്ടർ ആർ. പ്രദീപ്കുമാർ, സിവിൽ ഓഫിസർമാരായ രാഗേഷ്, ധന്യ മാധവൻ, വേലായുധൻ, ആർ.പി.എഫ് എ.എസ്.ഐ ഷിനോജ്കുമാർ, ഹെഡ് കോൺസ്റ്റബിൾ കെ. സിറാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ചന്ദ്രയെ തിരൂർ പൊലീസിന് കൈമാറുമെന്ന് സി.ഐ വേലായുധൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.