ചീനവല നിലനിൽപ്​ ഭീഷണിയിൽ

ചീനവലകൾ കൊച്ചിയുടെ കൈയൊപ്പാണ്. ചീനവല കണ്ടാൽ അത് കൊച്ചിയുടെ അടയാളമായി ഗണിക്കപ്പെടുന്നു. ടൂറിസ്റ്റ് ബ്രോഷറുകളിൽ സഞ്ചാരികളെ മാടിവിളിക്കുന്നതും ചീനവലയാണ്. എന്നാൽ, ഇന്നതി​െൻറ നിലനിൽപ് ഭീഷണിയിലാണ്. ഫോർട്ട്കൊച്ചി തീരത്ത് ഇരുപത്തഞ്ചോളം ചീനവലകൾ ഉണ്ടായിരുന്നത് പതിനൊന്നായി ചുരുങ്ങി. കടൽ ഇറങ്ങിയതോടെ കരയിൽ അകപ്പെട്ടതിനാൽ അഞ്ചെണ്ണം പ്രവർത്തനരഹിതമാണ്. അവശേഷിക്കുന്നവ യഥാസമയം അറ്റകുറ്റപ്പണി ചെയ്യാനാവാതെ നാശത്തി​െൻറ വക്കിലുമാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ചീനവലയിൽ മത്സ്യലഭ്യത കുറഞ്ഞത് പ്രതിസന്ധി സൃഷ്ടിക്കുന്നു. സാമ്പത്തികപ്രശ്നം മൂലം തേക്കിൻതടികൾക്കുപകരം ഇരുമ്പ് പൈപ്പ് ഉപയോഗിച്ചാണ് ചീനവല നിർമിക്കുന്നത്. ഇത് ചീനവല പൈതൃകം തന്നെ ഇല്ലാതാക്കുന്നു. കൊച്ചിയുടെ മുഖമുദ്രയായ ചീനവല സംരക്ഷിക്കാൻ ആരും ഒന്നും ചെയ്യുന്നില്ല. ഒന്നര വർഷം മുമ്പ് ചൈനീസ് അംബാസഡർ കൊച്ചി സന്ദർശിക്കാനെത്തിയപ്പോൾ ചീനവലയുടെ ദുരവസ്ഥ നേരിൽ കണ്ടറിഞ്ഞു. ഇവ സംരക്ഷിക്കാൻ രണ്ടു കോടി രൂപ വാഗ്ദാനം ചെയ്തു. ഇത് സർക്കാറിനെ നാണക്കേടിലാക്കി. ചീനവല സർക്കാർതന്നെ സംരക്ഷിച്ചുകൊള്ളാമെന്നും സഹായം വേണ്ടെന്നും സ്നേഹപൂർവം അറിയിച്ചു. ഭരണാധികാരികൾ ഉൾവലിഞ്ഞു. തുടർന്ന് ചീനവല സംരക്ഷണത്തിന് സർക്കാർ പദ്ധതി ഒരുക്കി ഒന്നര കോടി അനുവദിച്ചെങ്കിലും രണ്ടുവർഷം പിന്നിട്ടിട്ടും എവിടെയും എത്തിയില്ല. ചീനവലയുടെ നീണ്ട കൈകൾ നിർമിക്കാൻ ഒമ്പത് മീറ്റർ നീളമുള്ള തേക്കിൻകഴ ലഭ്യമല്ലെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്. ഫിഫ ലോകകപ്പിനു മുന്നോടിയായി ചീനവല നവീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞിരുന്നെങ്കിലും കളി കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും പദ്ധതിയുടെ പ്രാരംഭം പോലുമായിട്ടില്ല. 1350-1400 കാലഘട്ടത്തിൽ കൊച്ചിയിലെത്തിയ ചൈനക്കാരാണ് ചീനവല സ്ഥാപിച്ചതെന്നാണ് ചരിത്രം. ഇവർ കൊച്ചി വിട്ടതോടെ ചീനവലയും പടിയിറങ്ങി. പിന്നീട് പോർച്ചുഗീസുകാരാണ് ചൈനയിലെ മക്കാവോയിൽ പോയി ചീനവല വീണ്ടും കൊണ്ടുവന്നത്. അതുകൊണ്ട് ചീനവലയുടെ പേരുകൾ പലതും ഇന്നും പോർച്ചുഗീസ് ഭാഷയിലാണ് - കളസാത്തി, ബ്രാസ്, സവായ തുടങ്ങിയവ. വിദേശികളും സ്വദേശികളുമായ സഞ്ചാരികൾ ചീനവല തൊട്ടുനോക്കാനും കയറി ഫോട്ടോയെടുക്കാനും തരപ്പെട്ടാൽ വല വലിച്ചുകയറ്റാനും താൽപര്യം പുലർത്തുന്നവരാണ്. ചീനവല സന്ദർശനവും കൊച്ചിയിലെത്തുന്ന സഞ്ചാരികളുടെ അജണ്ടയിൽ ഉൾപ്പെടുത്തിയായിരിക്കും ഇവരുടെ വരവ്. അതേസമയം, വല വലിച്ചാലും ചെലവിന് തികയാറില്ലെന്ന് തൊഴിലാളികൾ പറയുന്നു. അറ്റകുറ്റപ്പണിക്ക് വരുന്ന ചെലവും താങ്ങാനാകുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി ചീനവല സംരക്ഷണ പദ്ധതി നടപ്പാക്കാനാണ് ജനപ്രതിനിധികൾ ഉൾെപ്പെടയുള്ളവർ ശ്രമിക്കേണ്ടത്. അല്ലാത്തപക്ഷം കൈയൊപ്പില്ലാത്ത കൊച്ചിയായി മാറും. (തുടരും)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.