അങ്കമാലി: ഹെൽമറ്റ് ധരിക്കാതിരുന്ന സി.പി.എം നേതാവിനെതിരെ വാഹന പരിശോധനക്കിടെ നടപടിക്ക് ശ്രമിച്ച എസ്.െഎക്ക് സസ്പെൻഷൻ. അങ്കമാലി പ്രിൻസിപ്പൽ എസ്.െഎ കെ.എൻ. മനോജിനാണ് സസ്പെൻഷൻ. വ്യാഴാഴ്ച രാത്രി 9.30ന് എസ്.െഎയും സംഘവും ടി.ബി ജങ്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടെ മുൻ നഗരസഭ കൗൺസിലറും സി.പി.എം ലോക്കൽ കമ്മിറ്റിയംഗവുമായ എം.കെ. റോയിയാണ് ഹെൽമറ്റ് ധരിക്കാതെ ബൈക്കിലെത്തിയത്. താക്കീത് നൽകി വിട്ടയക്കാൻ തയാറായെങ്കിലും റോയി തട്ടിക്കയറുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് എസ്.െഎ റോയിയെ ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചു. സംഭവമറിഞ്ഞ് സി.പി.എം പ്രവർത്തകർ സ്റ്റേഷനിൽ തടിച്ച് കൂടുകയും എസ്.െഎക്കെതിരെ നടപടിയാവശ്യപ്പെട്ട് കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. റോയിയെ വിട്ടയക്കാൻ പൊലീസ് തയാറായെങ്കിലും എസ്.െഎയെ സസ്പെൻഡ് ചെയ്യണമെന്ന നിലപാടിൽ പ്രവർത്തകർ ഉറച്ചുനിന്നു. ഒടുവിൽ12 മണിക്ക് ശേഷം സി.െഎ എസ്.മുഹമ്മദ് റിയാസെത്തി എസ്.െഎക്കെതിരെ നടപടിയെടുക്കാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞത്. റോയി ഒന്നരമണിക്കൂർ കഴിഞ്ഞ് പൊലീസ് മർദിച്ചെന്നാരോപിച്ച് സർക്കാർ ആശുപത്രിയിൽ അഡ്മിറ്റാവുകയും ചെയ്തു. എസ്.െഎ മനോജിനെ വെള്ളിയാഴ്ച രാവിലെ സസ്പെൻഡ് ചെയ്യുകയും പുതിയ എസ്.െഎ ചാർജെടുക്കുകയും ചെയ്തു. എന്നാൽ, യാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധം രാത്രി റോഡിന് നടുവിൽ രണ്ട് പൊലീസ് ജീപ്പുകൾ നിർത്തിയിട്ട് വാഹനങ്ങൾ തടഞ്ഞുനിർത്തിയ നടപടി ചോദ്യം ചെയ്തതാണ് എസ്.െഎയെ ചൊടിപ്പിച്ചതെന്ന് റോയി 'മാധ്യമ'ത്തോട് പറഞ്ഞു. ഹെൽമറ്റ് ധരിച്ചാണ് താൻ സഞ്ചരിച്ചിരുന്നതെന്നും റോയി പറഞ്ഞു. കുടുംബത്തോടൊപ്പം സഞ്ചരിച്ചിരുന്ന യാത്രക്കാരുടെ വാഹനങ്ങൾ തടഞ്ഞുനിർത്തി സ്ത്രീകളെ രാത്രിയിൽ ഒറ്റക്ക് ഒാേട്ടായിൽ കയറ്റി വിട്ടതായി സമീപത്തെ ഒാേട്ടാ ഡ്രൈവർമാർ തന്നോട് പറഞ്ഞു. നിയമം പാലിക്കേണ്ട പൊലീസ് നിയമം ലംഘിച്ചത് പൊതു പ്രവർത്തകനെന്ന നിലയിൽ ചോദ്യം ചെയ്തതോടെയാണ് എസ്.െഎ തെറി വിളിക്കുകയും മർദിക്കുകയും ചെയ്തതെന്ന് റോയി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.