അശാസ്ത്രീയ നടപടി വിദ്യാഭ്യാസ മേഖലയെ തകർക്കും ^എം.എൽ.എ

അശാസ്ത്രീയ നടപടി വിദ്യാഭ്യാസ മേഖലയെ തകർക്കും -എം.എൽ.എ കൂത്താട്ടുകുളം: കേരള ടെക്നോളജിക്കൽ യൂനിവേഴ്സിറ്റിയുടെ അശാസ്ത്രീയ നടപടികൾ എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയെ തകർക്കുമെന്ന് അനൂപ് ജേക്കബ് എം.എൽ.എ. ടെക്നോളജിക്കൽ യൂനിവേഴ്സിറ്റിയുടെ വിദ്യാർഥിദ്രോഹ നടപടികൾക്കെതിരെ സംഘടിപ്പിച്ച കെ.ടി.യുവിരുദ്ധ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തര പ്രശ്നപരിഹാരത്തിന് വിദ്യാഭ്യാസ മന്ത്രിയും സർക്കാറും ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ.ടി.യു സമരവുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ പ്രശ്നങ്ങൾ നിയമസഭ സമ്മേളനത്തിൽ ഉന്നയിക്കുമെന്നും എം.എൽ.എ വിദ്യാർഥികൾക്ക് ഉറപ്പുനൽകി. വിദ്യാർഥികളുടെ ഭാവി പന്താടുന്ന ഇയർ ബാക്ക് സംവിധാനം അവസാനിപ്പിക്കുക, സംസ്ഥാനത്തെ സ്വാശ്രയ മേഖലയെ തകർക്കാൻ കൂട്ടുനിൽക്കുംവിധമുള്ള കേരള ടെക്നോളജിക്കൽ യൂനിവേഴ്സിറ്റിയുടെ നടപടികൾ നിർത്തലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധക്കൂട്ടായ്മ നടത്തിയത്. കൂത്താട്ടുകുളം ബി.ടി.സി എൻജിനീയറിങ് കോളജിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിൽ, ബി.ടി.സി കൂത്താട്ടുകുളം, ഹോളി കിങ്സ് കോളജ് പാമ്പാക്കുട, കൊച്ചിൻ കോളജ് മണ്ണത്തൂർ, വിസാറ്റ് കോളജ് ഇലഞ്ഞി എന്നിവിടങ്ങളിൽ നിന്നെത്തിയ വിദ്യാഥികൾ പങ്കെടുത്തു. കൂത്താട്ടുകുളം രാജീവ് സ്ക്വയറിൽ അവസാനിച്ച പ്രകടനത്തിൽ ആയിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു. വിദ്യാർഥിപ്രതിനിധികളായ ജോജോ ജോയി, വൈശാഖ് വിജയൻ, ജോമിൻ ബെന്നി, തോമസ് ജോസഫ്, യു. ഹരികൃഷ്ണൻ, അഭിഷേക് സതൻ, എം.യു. ബിബിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.