കൂത്താട്ടുകുളം: കെ.എസ്.ടി.പി റോഡ് വികസനപ്രവർത്തനങ്ങൾ ടൗൺ ഭാഗത്ത് അവസാനഘട്ടമെത്തിയെങ്കിലും ഗതാഗതപരിഷ്കരണത്തിന് നഗരസഭ തയാറാകുന്നില്ലെന്ന ആരോപണം ശക്തമാകുന്നു. അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായിട്ടും ഭരണസമിതി അലംഭാവം തുടരുകയാണ്. സെൻട്രൽ കവലയിൽ സിഗ്നൽ സംവിധാനം സ്ഥാപിച്ചു. എന്നാൽ, ലൈറ്റുകൾ പ്രവർത്തിച്ചുതുടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടം അപകടമേഖലയായി മാറി. കഴിഞ്ഞദിവസം വാഹനങ്ങൾ കടന്നുപോകുന്നതിലെ ആശയക്കുഴപ്പം തുടർച്ചയായ അപകടങ്ങൾക്ക് വഴിവെച്ചു. പാർക്കിങ് ഏരിയ, നോ പാർക്കിങ് ഏരിയ, വൺവേ, ബസ് സ്റ്റോപ്, ഓട്ടോ സ്റ്റാൻഡ് എന്നിവ എവിടെയൊക്കെ വേണമെന്ന് തീരുമാനമായില്ല. നഗരസഭ വിളിച്ചുചേർക്കേണ്ട ഗതാഗത ഉപദേശകസമിതി യോഗം ചേരാത്തതാണ് ഇതിനെല്ലാം തടസ്സമായി നിൽക്കുന്നത്. തീരുമാനങ്ങൾ എടുക്കാനും നടപ്പാക്കാനും ഭരണസമിതി മെല്ലെപ്പോക്ക് തുടരുകയാണ്. പ്രതിപക്ഷ നേതാവ് സി.എൻ. പ്രഭകുമാർ ഇതുസംബന്ധിച്ച് കത്ത് നൽകിയെങ്കിലും ചെയർമാൻ പരിഗണിച്ചിട്ടിെല്ലന്ന ആക്ഷേപമുണ്ട്. വീതി കൂടിയതോടെ കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പ്രയാസം നേരിടുന്നുണ്ട്. സീബ്രലൈനുകൾ ഇടേണ്ട ഭാഗങ്ങൾ നഗരസഭ നിർദേശിച്ചിട്ടില്ല. ടൗൺ വികസനത്തിന് പൊലീസ് സ്റ്റേഷൻ, വില്ലേജ് ഓഫിസ്, സബ് രജിസ്ട്രാർ ഓഫിസ് എന്നിവയുടെ സ്ഥലം ഏറ്റെടുക്കാൻ ധാരണയായി. വിഷയം ചർച്ച ചെയ്യാൻ എറണാകുളത്ത് ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥ ധാരണയായത്. പോസ്റ്റ് ഓഫിസിെൻറ കാര്യത്തിൽ സാങ്കേതിക തടസ്സങ്ങൾ ഉണ്ടായിരുന്നതിനാൽ ചുറ്റുമതിൽ കെട്ടാനും മറ്റുമുള്ള തുക പോസ്റ്റൽ വകുപ്പിലേക്ക് അടക്കാം എന്ന നിർദേശം കെ.എസ്.ടി.പി മുന്നോട്ടുവച്ചിട്ടുണ്ട്. റോഡ് വികസനപ്രവർത്തനം ഏറക്കുറെ പൂർത്തിയാക്കിയെങ്കിലും പുതിയ ഗതാഗതപരിഷ്കാരം നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഭരണസമിതി വിമുഖത പുലർത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.