ജലമെട്രോക്ക്​ പ്രത്യേക പരിഗണന ^മുഹമ്മദ് ഹനീഷ്

ജലമെട്രോക്ക് പ്രത്യേക പരിഗണന -മുഹമ്മദ് ഹനീഷ് കൊച്ചി: കൊച്ചി മെട്രോ റെയിൽ കോർപറേഷൻ മാനേജിങ് ഡയറക്ടറായി എ.പി.എം. മുഹമ്മദ് ഹനീഷ് ചുമതലയേറ്റു. കെ.എം.ആർ.എൽ ഓഫിസിൽ നടന്ന ചടങ്ങിൽ മുൻ എം.ഡി ഏലിയാസ് ജോർജ് സ്ഥാനം കൈമാറി. മെട്രോ സർവിസ് പേട്ടയിലേക്ക് നീട്ടുന്നതിനും ജലമെട്രോ പദ്ധതിക്കും പ്രത്യേക പരിഗണന നൽകി മുന്നോട്ടുപോകുമെന്ന് മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. യാത്രനിരക്കുമായി ബന്ധപ്പെട്ട് വിശദചർച്ച ആവശ്യമാണ്. രാജ്യത്തെ മറ്റുമെട്രോകളുമായി താരതമ്യം ചെയ്ത് തീരുമാനമെടുക്കും. ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കും. സ്ഥലമേറ്റെടുക്കലും സാങ്കേതികപ്രശ്നങ്ങളുമടക്കം ദുഷ്കരമായ ഒരുപാട് കാര്യങ്ങൾ മുന്നിലുണ്ട്. അതെല്ലാം പരിഹരിച്ച് മുന്നോട്ടുപോകാൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ കൊച്ചി സ്മാർട്ട് സിറ്റിയുടെ സി.ഇ.ഒ സ്ഥാനം താനാണ് വഹിക്കുന്നത്. സ്മാർട്ട് സിറ്റിയുടെ നിരവധി പദ്ധതികൾ കൊച്ചി മെട്രോയുമായി ബന്ധപ്പെട്ടുണ്ട്. അതെല്ലാം മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കും. കൊച്ചി മെട്രോ പ്രധാനപ്പെട്ട നാഴികക്കല്ലുകൾ ഓരോന്നായി പിന്നിട്ടുകൊണ്ടിരിക്കുകയാണ്. അഞ്ചുവർഷമായി മെട്രോ നേടിയെടുത്ത നേട്ടങ്ങൾ നിരവധിയാണ്. നിരന്തരമായി പുരസ്കാരങ്ങൾ നേടുകയാണ് കൊച്ചി മെട്രോ. അവയെല്ലാം ഏലിയാസ് ജോർജിന് അർഹതപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ പൂർണ സംതൃപ്തനാണെന്ന് മുൻ എം.ഡി ഏലിയാസ് ജോർജ് പറഞ്ഞു. ഔദ്യോഗികജീവിതത്തിലെ ഏറ്റവും പ്രാധാന്യം നിറഞ്ഞ വർഷങ്ങളാണ് കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.