നെട്ടൂർ: മാസങ്ങളായി തകർന്നുകിടക്കുന്ന പനങ്ങാട് എം.എൽ.എ റോഡിലൂടെയുള്ള യാത്ര നാട്ടുകാരുടെ നടുവൊടിക്കുന്നു. വൈറ്റില-അരൂർ ദേശീയപാത പരുത്തിച്ചുവട് ഭാഗത്തുനിന്ന് തുടങ്ങി പനങ്ങാട് കാമോത്ത് സ്കൂളിന് സമീപത്ത് വന്നുചേരുന്നതാണ് എം.എൽ.എ റോഡ്. മാടവനയിൽനിന്ന് തുടങ്ങി പനങ്ങാട് ഫെറിയിൽ അവസാനിക്കുന്ന പി.ഡബ്ല്യു.ഡി റോഡിന് സമാന്തര റോഡാണിത്. ഉദയത്തുംവാതിൽ, ചേപ്പനം, പനങ്ങാട് ലക്ഷംവീട് കോളനി ഭാഗങ്ങളിലൂടെയുള്ള ഈ റോഡ് കുമ്പളം പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല് വാർഡുകളെ ബന്ധിപ്പിച്ചാണ് കടന്നുപോകുന്നത്.കൂടാതെ പേപ്പനം അഞ്ചാം വാർഡ്, ചാത്തമ്മ ആറാം വാർഡ് എന്നീ പ്രദേശത്തുള്ളവരും ഈ റോഡിനെ ആശ്രയിച്ചാണ് ദേശീയപാതയിലേക്ക് എത്തുന്നത്. റോഡ് നവീകരണത്തിന് ഹാർബർ എൻജിനീയറിങ് വകുപ്പിൽനിന്ന് ഒരു കോടിയിലേറെ തുക അനുവദിച്ചിരുന്നു. നിർമാണത്തിന് ടെൻഡർ എടുത്തിട്ട് നാലുമാസം കഴിഞ്ഞതായി യു.സി.ആർ അസോസിയേഷൻ പ്രസിഡൻറ് കെ.എം. മനോജ്കുമാർ പറഞ്ഞു. സ്വകാര്യ കമ്പനിയുടെ കേബിൾ കുഴിച്ചിടുന്ന ജോലി നടന്നുവരുന്നുണ്ട്. ഇതിനായി റോഡ് പണി കരാറുകാരൻ മനഃപൂർവം വൈകിപ്പിക്കുന്നതായും മനോജ്കുമാർ ആരോപിച്ചു. പ്രദേശത്ത് റോഡരികിലെ കാനപണി നടന്നുവരുന്നുണ്ട്. റോഡിനേക്കാൾ ഉയർത്തി കാനപണി പൂർത്തിയാക്കിയതിന് ശേഷമേ റോഡിെൻറ അറ്റകുറ്റപ്പണി ആരംഭിക്കാനാകൂ എന്നാനാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. കൂടാതെ, ഉദയത്തുംവാതിൽ ഭാഗത്തെ കെ.എസ്.ഇ.ബി സബ് സ്റ്റേഷനിൽനിന്ന് പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വൈദ്യുതി കമ്പി വലിക്കുന്നതിനായി എം.എൽ.എ റോഡിെൻറ തുടക്കത്തിൽനിന്ന് 300 മീറ്ററോളം എക്സ്കവേറ്റർ ഉപയോഗിച്ച് കുഴിയെടുത്തു. എന്നാൽ, റോഡ് പൂർവസ്ഥിതിയിലാക്കിയില്ല. ഇതിനുശേഷം സ്വകാര്യ കമ്പനിയുടെ കേബിളിടുന്നതിനായി വീണ്ടും കുഴിയെടുത്തു. ഈ ജോലിയും ഏറെക്കുറെ പൂർത്തിയായെങ്കിലും റോഡ് പണി ആരംഭിച്ചില്ല. കരാറുകാർ ഒത്തുകളിക്കുകയാണെന്നും ഇതിന് പഞ്ചായത്തധികൃതരും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നതായും ആരോപണമുണ്ട്. പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ പഞ്ചായത്ത് ഓഫിസ് ഉപരോധമുൾപ്പെടെ പ്രക്ഷോഭമാരംഭിക്കുമെന്നും പ്രദേശത്തെ വിവിധ െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.