കാക്കനാട്: രാസവിഷമാലിന്യം നിറഞ്ഞ തോട്ടില്‍ ആമകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവം സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഒാഫ് ക്രൂവൽറ്റി ടു അനിമൽസ് (എസ്.പി.സി.എ) അന്വേഷിക്കും. തോപ്പില്‍ ജങ്ഷനില്‍ നിന്ന് അയ്യനാട് ഇടപ്പള്ളി തോട്ടിലേക്ക് ഒഴുകുന്ന വലിയപാടം തോട്ടിലാണ് ആമകളുടെ കൂട്ടക്കുരുതിയുണ്ടായത്. സഹകരണ റോഡില്‍ മേരിമാത സ്കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ ചെളിയോടൊപ്പം പുറത്തേക്ക് തള്ളിയ ആമകള്‍ തോട്ടിലെ കടുത്ത രാസവിഷമാലിന്യത്തില് ചത്തുപൊങ്ങുകയായിരുന്നു. കുളത്തിന് സമീപം രണ്ടോ മൂന്നോ മീറ്റർ അകലെയുള്ള തോട്ടിലാണ് ആമകള്‍ ചത്തു ചീഞ്ഞുകിടക്കുന്നത്. ഒഴുക്ക് നിലച്ച തോട്ടില്‍ കറുത്തിരുണ്ട മലിനജലം കെട്ടിക്കിടക്കുകയാണ്. സ്വകാര്യ വ്യക്തിയുടെ കുളത്തിലെ ആമകൾ തോട്ടിലേക്ക് കടന്നുവെന്നാണ് സംശയിക്കുന്നത്. വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായി കിടന്നിരുന്ന കുളത്തിലെ ചെളി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കി ശുദ്ധീകരണം നടത്തിയപ്പോള്‍ ആമകളെ ഉള്‍പ്പെടെ പുറത്തേക്ക് കോരിയിടുകയായിരുന്നു. ഒഴുക്ക് നിലച്ച തോട്ടില്‍ സമീപത്തെ ചെറുകിട വ്യവസായ സ്ഥാപനത്തില്‍ നിന്നൊഴുക്കിയ രാസവിഷമാലിന്യം കെട്ടിക്കിടന്നതാണ് ആമകള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങാന്‍ ഇയാക്കിയതെന്ന് സംശയിക്കുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിെൻറ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം തൃക്കാക്കര നഗരസഭ നല്കിയ ലൈസന്സിെൻറ മറവിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പെയിൻറ് നിര്‍മാണ അനുബന്ധ സാമഗ്രികള്‍ നിര്‍മിക്കുന്ന സ്ഥാപനത്തില്‍ വിഷമാലിന്യ സംസ്കരണത്തിന് സംവിധാനങ്ങളുമില്ല. സ്ഥാപന ഉടമയുടെ തന്നെ പറമ്പിലെ ഉപയോഗശൂന്യമായി കിടന്നിരുന്ന കുളം അടുത്തിടെയാണ് ശുദ്ധീകരിക്കാന്‍ തുടങ്ങിയത്. കാട് കയറി ചെളിമൂടി കിടന്നിരുന്ന കുളം ആമകളുടെ ആവാസ കേന്ദ്രമായിരുന്നു. ആമകള്‍ ചീഞ്ഞു തുടങ്ങിയതോടെ സമീപത്തെ അംഗന്‍വാടിയിലും വീടുകളിലും രൂക്ഷമായ ദുര്‍ഗന്ധം മൂലം പൊറുതി മുട്ടിയ അവസ്ഥയിലാണ്. തൃക്കാക്കര നഗരസഭ അധികൃതരെ സമീപ വാസികള്‍ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗം നാലില്‍പ്പെടുന്ന അപൂര്‍വയിനം ആമകളാണ് ചത്തത്. വംശനാശം നേരിടുന്ന ‘ട്രാവന്‍കൂര്‍ ടോര്ട്ടേഴ്സ്’ ആമകള്‍ ഷെഡ്യൂള്‍ ഒന്നില്‍പ്പെടുന്നതാണ്. ഇത്തരം ആമകൾ ചത്തിട്ടുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കുമെന്ന് എസ്.പി.സി.എ അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.