കോതമംഗലം: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചയാളുടെ മൃതദേഹവുമായി പൂയംകുട്ടി നിവാസികൾ കോതമംഗലം ഡി.എഫ്.ഒ ഓഫിസ് ഉപരോധിച്ചു. അധികൃതരുമായി നടത്തിയ അനുരഞ്ജന ചർച്ചകൾക്കൊടുവിൽ ഉപരോധം അവസാനിപ്പിച്ചു. തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് പുയംകുട്ടി പുഴയുടെ തീരത്ത് ജോണി എന്നയാൾ കാട്ടാന ആക്രമണത്തിൽ മരിച്ചത്. വേനൽ ആരംഭത്തിന് മുമ്പുതന്നെ കാട്ടാനക്കൂട്ടങ്ങൾ കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി, വടാട്ടുപാറ മേഖലകളിലെ ജനവാസകേന്ദ്രങ്ങളിൽ കൃഷിനാശം വരുത്തിയിരുന്നു. തുടർന്ന് വടാട്ടുപാറയിലും പൂയംകുട്ടിയിലും ജനകീയ സമിതികൾ രൂപവത്കരിച്ച് പ്രതിഷേധപരിപാടികൾ നടത്തി. പ്രശ്നം പഠിക്കാനും പരിഹാരം കാണാനുമായി മന്ത്രി കെ. രാജു നേരിട്ടെത്തി ആഴ്ചകൾ പിന്നിടുമ്പോഴാണ് നിർധന കുടുംബത്തിെൻറ അത്താണിയായ ജോണിയുടെ ജീവൻ ആനയെടുത്തത്. തുടർന്ന് ജനകീയ പ്രതിഷേധവുമായി പൂയംകുട്ടി നിവാസികൾ കോതമംഗലത്തേക്ക് എത്തുകയായിരുന്നു. പൂയംകുട്ടി ജനകീയസമിതി രക്ഷാധികാരി ഫാ.റോബിൻ പടിഞ്ഞാറെക്കൂറ്റിെൻറ നേതൃത്വത്തിൽ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ജോണിയുടെ മൃതദേഹം സന്ദർശിച്ചശേഷം കെ.എസ്.ആർ.ടി.സി ജങ്ഷനിൽനിന്ന് പ്രകടനമായെത്തി ഡി.എഫ്.ഒ ഓഫിസിന് മുന്നിൽ ഉപരോധസമരം തുടങ്ങി. ജോണിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, വൃദ്ധമാതാവിനും മാനസിക അസ്വാസ്ഥ്യമുള്ള സഹോദരിക്കും സർക്കാർ പെൻഷൻ ഏർപ്പെടുത്തുക, വന്യമൃഗശല്യം തടയാൻ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം. ഉച്ചയോടെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ജോണിയുടെ മൃതദേഹം ആംബുലൻസിൽ സമരവേദിയിലെത്തിച്ചു. മൂവാറ്റുപുഴ ആർ.ഡി.ഒ പി.എം. രാമചന്ദ്രൻ, കോതമംഗലം ഡി.എഫ്.ഒ എസ്. ദീപ, മലയാറ്റൂർ ഡി.എഫ്.ഒ ഷെയ്ഖ് ഹൈദർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ പൂയംകുട്ടി ജനകീയസമിതി രക്ഷാധികാരി ഫാ.റോബിൻ പടിഞ്ഞാറെക്കൂറ്റ്, രാഷ്ട്രീയ നേതാക്കളായ ഇ.കെ. ശിവൻ, സി.ജെ. എൽദോസ്, എം.കെ. രാമചന്ദ്രൻ, കെ.കെ. ഗോപി, ജോണിയുടെ ബന്ധു ചക്കാലക്കൽ ബെന്നി എന്നിവരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ ഒത്തുതീർപ്പിലെത്തി. ജോണിയുടെ കുടുംബത്തിന് മൂന്ന് ദിവസത്തിനകം അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം വീട്ടിലെത്തിച്ച് നൽകും. 10 ലക്ഷമായി ഉയർത്താൻ നടപടി സ്വീകരിക്കും. മാതാവിനും സഹോദരിക്കും സർക്കാർ പെൻഷൻ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കും. സംസ്കാരചടങ്ങിനും മറ്റുമായി റവന്യൂ വകുപ്പിൽനിന്ന് 10,000 രൂപയും വനം വകുപ്പിൽനിന്ന് 15,000 രൂപയും കൈമാറി. പൂയംകുട്ടി ജനവാസമേഖലയിൽ ഒരുമാസത്തിനകം വേലി നിർമിക്കുമെന്നും രേഖാമൂലം അധികൃതർ ഉറപ്പുനൽകി. ഒരുമാസത്തിന് ശേഷവും വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകിയാണ് നാട്ടുകാർ മൃതദേഹവുമായി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.