ടാര്‍ പ്ളാന്‍റ് അനുമതി: കോണ്‍ഗ്രസിലും ഭിന്നത

കാലടി: മലയാറ്റൂര്‍ യൂക്കാലിക്കു സമീപം ടാര്‍ പ്ളാന്‍റിന് അനുമതി നല്‍കിയതില്‍ എല്‍.ഡി.എഫിന് പിന്നാലെ കോണ്‍ഗ്രസിലും ഭിന്നതരൂക്ഷം. കോണ്‍ഗ്രസ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന യു.ഡി.എഫാണ് മലയാറ്റൂര്‍ പഞ്ചായത്ത് ഭരിക്കുന്നത്. എന്നാല്‍, യു.ഡി.എഫ് ഭരണസമിതി ഈ വിഷയത്തില്‍ ജനവികാരം മാനിച്ചില്ളെന്നാണ് മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. ഡി.സി.സി ജനറല്‍ സെക്രട്ടറി ബിജു ആബേല്‍ ജേക്കബ്, മുന്‍ ബ്ളോക്ക് പഞ്ചായത്ത് അംഗം ടിനു തറയില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് രാധാകൃഷ്ണന്‍ ചെങ്ങാട്ട് തുടങ്ങിയവരാണ് കോണ്‍ഗ്രസില്‍ പ്രതിഷേധമുയര്‍ത്തുന്നത്. ഈ വിഷയത്തിലെ ആശങ്കക്ക് പരിഹാരമുണ്ടാകുന്ന നിലപാടായിരിക്കണം നേതൃത്വം എടുക്കേണ്ടതെന്നാണ് ഇവര്‍ പറയുന്നത്. പ്രാദേശിക നേതൃത്വത്തിലെ ചിലരുടെ നിലപാട് പ്ളാന്‍റുടമക്ക് അനുകൂലമാണെന്ന ധാരണയാണ് ജനങ്ങള്‍ക്കിടയിലുള്ളത്. ഇത് തിരുത്താന്‍ നടപടിയുണ്ടാകണം. ടാര്‍ പ്ളാന്‍റിന് പഞ്ചായത്ത് നല്‍കിയ എന്‍.ഒ.സി.യുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ചര്‍ച്ച ഉണ്ടായില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കായി കെ.പി.സി.സി ഏര്‍പ്പെടുത്തിയ പെരുമാറ്റച്ചട്ടമാണ് ലംഘിച്ചത്. സ്വകാര്യവ്യക്തിക്കുവേണ്ടി പാര്‍ട്ടി സംവിധാനം അടിയറവെക്കുന്ന അവസ്ഥയാണ് മലയാറ്റൂരില്‍ ഉള്ളതെന്നും ആരോപിക്കുന്നു. വിഷയത്തില്‍ സി.പി.ഐയും സി.പി.എമ്മും തമ്മിലെ ഭിന്നത നേരത്തേ പുറത്തുവന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.