സ്ഥലമേറ്റെടുക്കലിന് വേഗമേറുന്നു

കൊച്ചി: ആമ്പല്ലൂരിലെ ഇലക്ട്രോണിക്സ് ഹാര്‍ഡ്വെയര്‍ പാര്‍ക്ക് അടക്കം ജില്ലയുടെ സ്വപ്നപദ്ധതികള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു. മെട്രോ റെയില്‍ പദ്ധതിയുടെ ഭാഗമായി വൈറ്റില കുന്നറ മുതല്‍ പേട്ട വരെ വിലനിര്‍ണയവും പ്രഖ്യാപനവും പൂര്‍ത്തിയായതോടെ മറ്റു പദ്ധതികളിലും നടപടികള്‍ ദ്രുതഗതിയിലാക്കുകയാണ് ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫിറുല്ലയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലെ ഭൂമി ഏറ്റെടുക്കല്‍ വിഭാഗം. വിവിധ പദ്ധതികളുടെ വില നിര്‍ണയം സംബന്ധിച്ച ജില്ലാതല സമിതിയുടെ ശിപാര്‍ശ സംസ്ഥാനതല ഉന്നതാധികാര സമിതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ആമ്പല്ലൂര്‍ ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ പാര്‍ക്ക്, മാഞ്ചേരിക്കുഴി പാലം അപ്രോച്ച് റോഡ്, സ്റ്റേഷന്‍കടവ് പാലം അപ്രോച്ച് റോഡ്, കണ്ണങ്ങാട്ട് വെല്ലിങ്ടണ്‍ ഐലന്‍ഡ് പാലം അപ്രോച്ച് റോഡ്, തമ്മനം-പുല്ളേപ്പടി റോഡ് എന്നിവക്കായി സ്ഥലം ഏറ്റെടുക്കാനുള്ള നിര്‍ദേശമാണ് സംസ്ഥാനതല സമിതി മുഖേന സര്‍ക്കാറിന്‍െറ പരിഗണനയില്‍. തൃക്കാക്കര, കുന്നത്തുനാട് നിയോജകമണ്ഡലങ്ങളെ സ്മാര്‍ട്ട് സിറ്റിക്കും ഇന്‍ഫോപാര്‍ക്കിനും സമീപം ബന്ധിപ്പിക്കുന്ന മാഞ്ചേരിക്കുഴി പാലത്തിന്‍െറ അപ്രോച്ച് റോഡിനായി ഒരേക്കറോളം സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. 10 സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. പറവൂര്‍ താലൂക്കില്‍ ചേന്ദമംഗലത്തെയും പുത്തന്‍വേലിക്കരയെയും ബന്ധിപ്പിക്കുന്ന സ്റ്റേഷന്‍കടവ് പാലത്തിന്‍െറ അപ്രോച്ച് റോഡിനായി അധിക സ്ഥലം ഏറ്റെടുക്കാനും നടപടിയായിട്ടുണ്ട്. പശ്ചിമകൊച്ചിയിലേക്ക് പുതിയ പാത തുറക്കുന്ന വെല്ലിങ്ടണ്‍ ഐലന്‍ഡ് കണ്ണങ്ങാട്ട് പാലത്തിന്‍െറ അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുക്കലാണ് മറ്റൊന്ന്. അഞ്ച് ഉടമകളില്‍ നിന്നായി 77 സെന്‍റ് സ്ഥലമാണ് അപ്രോച്ച് റോഡിനായി ഏറ്റെടുക്കുക. ആമ്പല്ലൂരില്‍ കെ.എസ്.ഐ.ഡി.സിയുടെ ഇലക്ട്രോണിക്സ് ഹാര്‍ഡ്വെയര്‍ പാര്‍ക്കിനായി 47.7443 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാനുള്ള വിലനിര്‍ണയവും പൂര്‍ത്തിയായി. 136 സ്ഥലം ഉടമകള്‍ക്കാണ് ഇവിടെ നഷ്ടപരിഹാരം നല്‍കേണ്ടത്. തമ്മനം-പുല്ളേപ്പടി റോഡ് വീതി കൂട്ടലിനായി 1.59 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ജില്ലാതല സമിതി നിശ്ചയിച്ച വിലയും സര്‍ക്കാറിന്‍െറ പരിഗണനയിലാണ്. 65 ഉടമകളില്‍ നിന്നായാണ് ഇത്രയും സ്ഥലം ഏറ്റെടുക്കുക. മെട്രോ റെയിലിന്‍െറ വൈറ്റില-പേട്ട റീച്ചില്‍ കുന്നറ മുതല്‍ പേട്ട വരെയുള്ള ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതിന് സെന്‍റിന് 22.51 ലക്ഷം രൂപയാണ് ജില്ലാതല സമിതി നിശ്ചയിച്ചിരിക്കുന്നത്. 20 വീടുകള്‍ ഉള്‍പ്പെടെ 125 കെട്ടിടങ്ങളാണ് ഏറ്റെടുക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.