കോതമംഗലത്ത് പാലിയേറ്റിവ് യൂനിറ്റുകള്‍ നിര്‍ജീവമായി

കോതമംഗലം: താലൂക്കിലെ സെക്കന്‍ഡറി പാലിയേറ്റിവ് യൂനിറ്റ് നിര്‍ജീവമായി. മാരകരോഗം ബാധിച്ചവരും കിടപ്പ് രോഗികള്‍ക്കും ആവശ്യമായ മരുന്നും ഭക്ഷണവും പരിചരണവും ലഭ്യമാക്കാന്‍ ഒരോ പഞ്ചായത്തിലും പ്രാഥമിക പാലിയേറ്റിവ് യൂനിറ്റുകളും താലൂക്ക് തലത്തില്‍ സെക്കന്‍ഡറി യൂനിറ്റുകളുമാണ് പ്രവര്‍ത്തിച്ചുവരുന്നത്. പ്രാഥമിക യൂനിറ്റുകള്‍ക്ക് പരിചരണം നല്‍കാന്‍ കഴിയാത്ത മാരകരോഗങ്ങള്‍ക്കടിപ്പെട്ടവരെ സെക്കന്‍ഡറി യൂനിറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പരിചരണം നല്‍കണമെന്നാണ് വ്യവസ്ഥ. അര്‍ബുദ രോഗികളുടെ വേദനസംഹാരികളുടെ അളവ് നിശ്ചയിക്കുന്നതും ഗുളിക നല്‍കുന്നതും ഇവിടെനിന്നാണ്. എന്നാല്‍, കൃത്യമായി എല്ലാമാസവും രോഗീസന്ദര്‍ശനത്തിന്‍െറയും മരുന്ന് വിതരണം ചെയ്തതായി കാണിച്ച് ചെലവുകള്‍ എഴുതിയെടുക്കുന്നു. പല്ലാരിമംഗലം, നെല്ലിക്കുഴി പ്രദേശങ്ങളില്‍ പോലും രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയുന്നില്ല. പരിചരണ വിഭാഗത്തിന് കുട്ടമ്പുഴ, കവളങ്ങാട്, കീരംപാറ പഞ്ചായത്തുകളിലെ രോഗികളെ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായില്ല. എന്‍.ആര്‍.എച്ച്.എം വഴിയും ആവശ്യത്തിലേറെ ജീവനക്കാര്‍ ഉണ്ടെങ്കിലും പരിചരണം നല്‍കാന്‍ ആരും തയാറല്ല. ജില്ലയിലെ മറ്റ് താലൂക്കുകളില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നുണ്ടെങ്കിലും പതിനാലിലധികം ആദിവാസിക്കുടികള്‍ ഉള്‍പ്പെടുന്ന കോതമംഗലം താലൂക്കിലെ പ്രവര്‍ത്തനങ്ങള്‍ കടലാസില്‍ മാത്രമാണ്. മാസാന്ത അവലോകന യോഗങ്ങളില്‍ മറ്റ് സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പേര്‍ട്ട് സമര്‍പ്പിച്ച് ഉദ്യോഗസ്ഥര്‍ തടിതപ്പുകയാണ്. ഇത് പരിശോധന വിധേയമാക്കാതെയാണ് ഫണ്ട് ചെലവഴിക്കുന്നത്. പരാതി നല്‍കാന്‍ പോലും കഴിയാതെ താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ ഒറ്റെപ്പെട്ടുകഴിയുന്ന നിരവധി കുടുംബങ്ങളാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.