സുനില്‍ വധം: രണ്ടാംപ്രതി പിടിയില്‍

പെരുമ്പാവൂര്‍: കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ വധിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വേങ്ങൂര്‍ അരുവാപ്പാറ കളത്തിപ്പടി വീട്ടില്‍ സുനിലിനെ (40) കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി അരുവാപ്പാറ ചെറങ്ങര വീട്ടില്‍ സനു ചന്ദ്രനാണ് (22) അറസ്റ്റിലായത്. ഇയാള്‍ സുനിലിന്‍െറ അയല്‍വാസിയാണ്. വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയുമാണ്. സംഭവശേഷം ഒളിവില്‍ പോയ പ്രതി മൂന്നാര്‍, കോതമംഗലം, അടിമാലി എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു. നാലുപേര്‍ ചേര്‍ന്നാണ് സുനിലിനെ വധിച്ചത്. രണ്ടുപേരെ വെള്ളിയാഴ്ച പൊലീസ് പിടികൂടിയിരുന്നു. ഒന്നും മൂന്നും പ്രതികളായ അരുവാപ്പാറ മാലിക്കുടി വീട്ടില്‍ ബേസില്‍, നെടുങ്ങപ്ര കൊച്ചങ്ങാടി വീട്ടില്‍ അമല്‍ എന്നിവരെയാണ് പിടികൂടിയത്. നാലാം പ്രതി എളമ്പിള്ളി വീട്ടില്‍ റോബിന്‍ വര്‍ഗീസിനെ പിടികൂടാനുണ്ട്. നാല് പ്രതികളും ഒരുമിച്ചാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍, ഇടക്കുവെച്ച് മാറിയ സനു ചന്ദ്രന്‍ ഒറ്റക്ക് മുങ്ങി നടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയുടെ ബന്ധുക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ കിഴക്കമ്പലം താമരച്ചാലിലെ പ്രതിയുടെ അകന്ന ബന്ധുവിന്‍െറ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുനിലിന്‍െറ വീടിനോട് ചേര്‍ന്ന പാറയില്‍ മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രതികളായ നാല് പേരും ചേര്‍ന്ന് സുനിലിനെ മര്‍ദിച്ച് കൊന്നതാണ് കേസിനാസ്പദമായ സംഭവം. ഫെബ്രുവരി 21നാണ് സംഭവം നടന്നത്. കുറുപ്പംപടി പ്രിന്‍സിപ്പല്‍ എസ്.ഐ പി.എ. ഷെമീര്‍, എസ്.ഐ യാക്കോബ്, എ.എസ്.ഐ സെയ്ത്, എസ്.സി.പി.ഒമാരായ ബിജു, സിറാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കൊല്ലപ്പെട്ട സുനില്‍ പട്ടികജാതി വിഭാഗക്കാരനായതിനാല്‍ മൂവാറ്റുപുഴ ഡിവൈ.എസ്പിക്കാണ് അന്വേഷണ ചുമതല. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.