കൃഷ്ണപുരം മാമ്പ്രക്കന്നേല്‍ റെയില്‍വേ ക്രോസ്: മേല്‍പാല നിര്‍മാണത്തിന് സാധ്യതയേറി

കായംകുളം: ഗതാഗത തടസ്സം പതിവായ കൃഷ്ണപുരം മാമ്പ്രക്കന്നേല്‍ റെയില്‍വേ ക്രോസില്‍ മേല്‍പാല നിര്‍മാണത്തിന് സാധ്യതയേറി. സംസ്ഥാന സര്‍ക്കാര്‍ 60 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതോടെ ജനങ്ങളും ഏറെ പ്രതീക്ഷയിലാണ്. ദേശീയപാതയില്‍നിന്നും കെ.പി റോഡിനെയും വള്ളികുന്നം-താമരക്കുളം-കറ്റാനം ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന റോഡിലെ റെയില്‍വേ ക്രോസ് സൃഷ്ടിക്കുന്ന യാത്രാദുരിതം ചില്ലറയല്ല. ദിനേന ചരക്കുവണ്ടികളടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ട്രെയിന്‍ പോകുമ്പോള്‍ അടയ്ക്കുന്നതു കൂടാതെ ഗേറ്റ് തകറാറിലായ ഗതാഗത തടസ്സവും ഇവിടെ പതിവാണ്. മാസത്തില്‍ മൂന്നു ദിവസമെങ്കിലും ഗേറ്റ് തകരാറിലാകുന്ന ഇവിടെ അമിതവേഗക്കാര്‍ സൃഷ്ടിക്കുന്ന അപകടത്തിന്‍െറ ദുരിതവും ചില്ലറയല്ല. ഗേറ്റില്‍ വാഹനം തട്ടി ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്. മൂന്നുദിവസം മുമ്പ് മിനിലോറിയിടിച്ച് ഗേറ്റ് തകരാറിലായതോടെ രണ്ട് ദിവസമാണ് ഗതാഗതം സ്തംഭിച്ചത്. ഇതുകാരണം ലക്ഷ്യസ്ഥാനത്ത് എത്താന്‍ യാത്രക്കാര്‍ക്ക് കിലോമീറ്ററുകള്‍ ചുറ്റണം. അപകടങ്ങളില്‍പെട്ട് ആംബുലന്‍സില്‍ എത്തുന്നവര്‍ ഗേറ്റ് മറികടക്കാന്‍ വൈകിയത് കാരണം മരിച്ച സംഭവങ്ങളുമുണ്ട്. നാടകാചാര്യനായിരുന്ന തോപ്പില്‍ ഭാസിയെ പെട്ടെന്ന് മരണത്തിലേക്ക് നയിച്ചതും ഈ ലെവല്‍ക്രോസായിരുന്നു. ഹൃദ്രോഗബാധിതനായി വീട്ടില്‍നിന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ട ഭാസിയെ ക്രോസ് അടച്ചിരുന്നത് കാരണം യഥാസമയം ആശുപത്രിയിലത്തെിക്കാന്‍ കഴിഞ്ഞിരുന്നില്ല. മേല്‍പാലം വരുന്നതോടെ ഇത്തരം പ്രയാസങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് അഡ്വ. യു. പ്രതിഭ ഹരി എം.എല്‍.എ പറഞ്ഞു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.